ഡെറാഡൂൺ: കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്ന് യൂണിസെഫ് (UNICEF) വിദഗ്‌ധർ. കുട്ടികൾക്ക് രാവിലെ സമീകൃതാഹാരം ആവശ്യമാണെന്ന് യൂണിസെഫിന്‍റെ ശിശുക്ഷേമ ഓഫിസർ ഗായത്രി സിങ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന ശിശുക്ഷേമവുമായി ബന്ധപ്പെട്ട യൂണിസെഫിന്‍റെ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു ഗായത്രി സിങ്.
തമിഴ്‌നാട് സർക്കാർ സ്‌കൂളിലെ പ്രഭാതഭക്ഷണ പദ്ധതി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഇടിവി ഭാരതിലെ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഗായത്രി സിങ് പ്രഭാതഭക്ഷണത്തിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞത്. തമിഴ്‌നാട്ടിലെ കുട്ടികൾക്ക് സർക്കാർ സ്‌കൂളിലെ പ്രഭാതഭക്ഷണ പരിപാടിക്ക് ശേഷം കാര്യമായ പുരോഗതിയുണ്ട്. പഠനത്തിലും കുട്ടികൾ മികവ് പുലർത്താൻ ആരംഭിച്ചുവെന്ന് ശിശുക്ഷേമ ഓഫിസർ പറഞ്ഞു.
യൂണിസെഫ് വിദഗ്‌ധയുടെ മറുപടി: പ്രഭാതഭക്ഷണത്തിന് ദൈന്യംദിന ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. മസ്‌തിഷ്‌കത്തിന് പ്രവർത്തിക്കാൻ ഊർജം ആവശ്യമാണ്. ഊർജം നൽകാൻ മസ്‌തിഷ്‌കം പ്രാഥമികമായി ഗ്ലൂക്കോസ് ഉപയോഗിക്കുന്നു. ഇത് പ്രഭാതഭക്ഷണത്തിലൂടെ മസ്‌തിഷ്‌കത്തിന് ലഭ്യമാകുന്നു.
എന്നാൽ, കുട്ടികൾ സ്‌കൂളിൽ വരുന്നത് ആവശ്യത്തിന് ഭക്ഷണം കഴിക്കാതെയാണ്. ചില കുട്ടികളുടെ വീടുകളിലെ സാഹചര്യവും പ്രതികൂലമാണ്. അത്തരം സന്ദർഭങ്ങളിൽ സ്‌കൂളിലെ പ്രഭാതഭക്ഷണ പദ്ധതി അവർക്ക് ഗുണം ചെയ്യുന്നു. അവർ കൃത്യമായി പ്രാതൽ കഴിക്കുകയും അവർക്ക് ആവശ്യമായ ഊർജം ലഭിക്കുകയും ചെയ്യുന്നു.
തെറ്റായ വാർത്തകൾ പകർച്ചവ്യാധി പോലെ: പരിപാടിയിൽ 150ലധികം മാധ്യമപ്രവർത്തകർ പങ്കെടുത്തു. മെഡിക്കൽ വാർത്തകളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ഇത് ചെറുക്കുന്നതിൽ മാധ്യമ പ്രവർത്തകരുടെ പങ്കിനെക്കുറിച്ചുമുള്ള ചർച്ചകളും നടത്തി. തെറ്റായ വിവരങ്ങൾ ഒരു പകർച്ചവ്യാധി പോലെയാണ്. തെറ്റായ വിവരങ്ങൾ പൊതുജനാരോഗ്യത്തിന് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യൂണിസെഫ് കമ്മ്യൂണിക്കേഷൻ മേധാവി സഫ്രീൻ ചൗധരി പറഞ്ഞു.
മെഡിക്കൽ ജേണലിസത്തെക്കുറിച്ചുള്ള യൂണിസെഫിന്‍റെ ക്രിട്ടിക്കൽ അപ്രൈസൽ സ്‌കിൽസ് (critical appraisal skills) പ്രോഗ്രാം 2014-ൽ വികസിപ്പിച്ചെടുത്തു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, തോംസൺ റോയിട്ടേഴ്‌സ് ന്യൂസ് ഏജൻസി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും വേണ്ടിയാണ് ഈ പ്രോഗ്രാം വികസിപ്പിച്ചത്.
മൗലാന ആസാദ് നാഷണൽ യൂണിവേഴ്‌സിറ്റിയും ഹിമാചൽപ്രദേശ് സർവകലാശാലകളും അവരുടെ പാഠ്യപദ്ധതിയിൽ ഇത് സ്വീകരിച്ചിട്ടുണ്ട്.