വാഷിങ്‌ടണ്‍: അഫ്‌ഗാന്‍ അഭയാർഥികൾക്ക് പൗരത്വം നല്‍കാനൊരുങ്ങി യു.എസ്. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ യു.എസില്‍ നിയമാനുസൃതമല്ലാതെ താമസിക്കുന്ന അഫ്‌ഗാൻ അഭയാർഥികൾക്കാണ് യു.എസ് പൗരത്വം അനുവദിക്കാനൊരുങ്ങുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള ബില്‍ അമേരിക്കന്‍ പാര്‍ലമെന്‍റില്‍ നിയമനിര്‍മാതാക്കള്‍ അവതരിപ്പിച്ചു.
അഫ്‌ഗാൻ അഡ്ജസ്റ്റ്മെന്റ് ആക്‌ട് എന്ന പേരിലുള്ള ബില്‍ ഇരു ചേമ്പറുകളും അംഗീകരിച്ചാല്‍ രാജ്യത്തെത്തി ഒരു വര്‍ഷക്കാലയളവ് കഴിഞ്ഞവര്‍ക്ക് യുഎസില്‍ തുടരാന്‍ സാധിക്കുമെന്നത് ഉള്‍പ്പടെയുള്ള അഫ്‌ഗാൻ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അനിശ്ചിതത്വം ഇല്ലാതാകും. മാത്രമല്ല, കുടിയൊഴിപ്പിക്കൽ സമയത്തോ അതിനു ശേഷമുള്ള വർഷത്തിലോ യുഎസിലെത്തിയവര്‍ക്ക് രാജ്യത്ത് താമസിച്ച് ഒന്നോ രണ്ടോ വർഷത്തിന് ശേഷം നിയമപരമായ സ്ഥിരതാമസക്കാരാകാൻ അപേക്ഷിക്കാനുള്ള സൗകര്യവും ബിൽ അനുവദിക്കുന്നുണ്ട്.
തങ്ങളുടെ അഫ്‌ഗാന്‍ സഖ്യത്തിന് സ്ഥിരവും, നിയമപരവുമായ അംഗത്വത്തിന് അപേക്ഷിക്കാന്‍ അവസരം നല്‍കുന്നത് തികച്ചും ആവശ്യമുള്ള കാര്യമാണെന്ന് ബില്‍ അവതരിപ്പിച്ചവരില്‍ ഒരാളായ സെനറ്റർ ആമി ക്ലോബുചാർ അറിയിച്ചു. "നമ്മുടെ രാജ്യത്തിന് വേണ്ടി വളരെയധികം ത്യാഗം സഹിച്ച പുതുതായി വന്ന അഫ്‌ഗാനികള്‍ക്ക്, യുഎസില്‍ പുതുജീവിതം ആരംഭിക്കാന്‍ അവര്‍ അര്‍ഹിക്കുന്ന ഉറപ്പുനല്‍കാന്‍ ഈ ഉഭയകക്ഷി നിയമനിർമാണത്തിനാകുമെന്ന്" അദ്ദേഹം പ്രസ്‌താവനയില്‍ അറിയിച്ചു.
യുഎസിന്‍റെ ദേശീയ സുരക്ഷ വർധിപ്പിക്കുന്ന വിധത്തില്‍ അഫ്‌ഗാൻ കുടിയേറ്റ പ്രശ്‌നം കൈകാര്യം ചെയ്യുന്നതാണ് ബില്ല് അവതരിപ്പിച്ച ലിൻഡ്‌സെ ഗ്രഹാമും പറഞ്ഞു. "ഈ നിയമനിർമാണം നമ്മുടെ ദേശീയ സുരക്ഷയെ സംരക്ഷിക്കുന്നതിനായുള്ള ശക്തമായ ഒരു പരിശോധന പരിപാടിയിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കയ്‌ക്ക് വേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്തിയ അഫ്‌ഗാനികൾക്ക് മുന്നോട്ടുപോകാന്‍ ഇത് ആവശ്യമാണ്. അഫ്‌ഗാനില്‍ നിന്ന് നമ്മള്‍ തിടുക്കപ്പെട്ട് പിന്‍വാങ്ങിയതിന് ശേഷം മിക്കവര്‍ക്കും പോകാന്‍ ഇടമില്ല. ഈ സമയത്ത് സ്വന്തം രാജ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, ഒപ്പം പോരാട്ടത്തിൽ നമുക്ക് വേണ്ടിയുണ്ടായിരുന്നവരെ കൈവിടാതിരിക്കുകയും വേണം" എന്ന് ലിൻഡ്‌സെ വ്യക്തമാക്കി.
Also Read: അഫ്‌ഗാനിൽ വനിത ടിവി അവതാരകർ മുഖം മറയ്ക്കണമെന്ന് താലിബാൻ
വിയറ്റ്‌നാം യുദ്ധത്തിന്‍റെ അവസാനത്തിൽ യു.എസ് പാസാക്കിയ ബില്ലുകൾ ഉൾപ്പെടെയുള്ളവയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് നിലവിലെ ബില്ലും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ ആഭ്യന്തര സുരക്ഷ പരിശോധന സംബന്ധിച്ച വ്യവസ്ഥകൾ ബില്ലില്‍ നിലനിർത്തുന്നുമുണ്ട്. രാജ്യത്ത് അവശേഷിക്കുന്ന ഒരു ലക്ഷമോ അതിലധികമോ അഫ്‌ഗാനികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ അഫ്‌ഗാനിസ്ഥാനിലെ ഫീമെയിൽ ടാക്‌റ്റിക്കൽ ടീമുകൾ, അഫ്‌ഗാൻ നാഷണൽ ആർമി സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ്, അഫ്‌ഗാൻ എയർഫോഴ്‌സ്, അഫ്‌ഗാനിസ്ഥാന്‍റെ സ്‌പെഷ്യൽ മിഷൻ വിങ് എന്നിവരുള്‍പ്പടെ മുമ്പ് ഒഴിവാക്കിയ നാല് ഗ്രൂപ്പുകളെ ഉൾപ്പെടുത്തി എസ്‌ഐവി പ്രോഗ്രാമിനെ വിപുലീകരിക്കാനും അഫ്‌ഗാൻ അഡ്‌ജസ്‌റ്റ്‌മെന്‍റ് ആക്‌ടില്‍ പരാമര്‍ശിക്കുന്നു. ഇതിന്‍റെ അനുബന്ധ ബില്‍ ഏൾ ബ്ലൂമെനൗര്‍, പീറ്റർ മെയ്‌ജര്‍ എന്നീ ജനപ്രതിനിധികള്‍ ഹൗസിൽ ഫയൽ ചെയ്‌തിട്ടുണ്ട്.
Also Read: Green Eyed Afghan Girl: 'പച്ചക്കണ്ണുള്ള അഫ്‌ഗാന്‍ പെണ്‍കുട്ടി' ഷര്‍ബത്ത് ഗുലക്ക് അഭയം നല്‍കി ഇറ്റലി