വാഷിങ്ടൺ: 2021ൽ അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ വ്യക്തത വരുത്താത്ത മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുമാനത്തെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നടത്തിയ പ്രസ്‌താവന പുറത്ത്. വൈറ്റ് ഹൗസ് പുറത്തുവിട്ട രേഖയിലെ വിവരങ്ങളാണ് നിലവിൽ ചർച്ചയായിരിക്കുന്നത്.
വൈറ്റ് ഹൗസ് പുറത്തുവിട്ട 12 പേജുള്ള രേഖയിൽ ബൈഡൻ ഡൊണാൾഡ് ട്രംപിന്‍റെ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നുണ്ട്. അഫ്‌ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ എങ്ങനെ പിൻവലിക്കണം എന്നതിനുള്ള പ്രസിഡന്‍റ് ബൈഡന്‍റെ തീരുമാനവും ഇത് സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പുകളും അദ്ദേഹത്തിന്‍റെ മുൻഗാമി സൃഷ്‌ടിച്ച വ്യവസ്ഥകളാൽ പരിമിതപ്പെടുകയായിരുന്നു എന്നാണ് രേഖകളിൽ പറയുന്നത്. അഫ്‌ഗാനിസ്ഥാനിലെ യുഎസിന്‍റെ പ്രവർത്തനങ്ങൾ യഥാർഥത്തിൽ ട്രംപിൽ നിന്ന് ബൈഡന് പാരമ്പര്യമായി ലഭിച്ചതാണെന്ന് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞിരുന്നു.
എല്ലാ യുഎസ് സേനകളെയും പിൻവലിക്കുക അല്ലെങ്കിൽ താലിബാനുമായുള്ള പോരാട്ടം പുനരാരംഭിക്കുക എന്ന തരത്തിൽ യാതൊരു വ്യക്തതയും ഇല്ലാതെയാണ് ട്രംപ് പ്രസിഡന്‍റ് പദവി ഒഴിഞ്ഞത്. എന്നാൽ എന്താണ് ട്രംപ് ഉദ്ദേശിച്ചിരുന്നത് എന്നത് ഞങ്ങൾക്ക് മനസിലായിരുന്നില്ല എന്നും കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രംപ് അധികാരമേറ്റ 2017-ൽ അഫ്‌ഗാനിസ്ഥാനിൽ 10,000-ലധികം സൈനികരുണ്ടായിരുന്നു. പതിനെട്ട് മാസങ്ങൾക്ക് ശേഷം, 3,000-ത്തിലധികം സൈനികരെ വീണ്ടും വിന്യസിച്ച ശേഷം ഏതെങ്കിലും സഖ്യകക്ഷികളുമായോ പങ്കാളികളുമായോ കൂടിയാലോചിക്കാതെ പ്രസിഡന്‍റായിരുന്ന ട്രംപ് താലിബാനുമായി നേരിട്ട് ചർച്ചയ്ക്ക് ഉത്തരവിടുകയായിരുന്നു.
2019 സെപ്റ്റംബറിൽ, 9/11 (സെപ്‌റ്റംബര്‍ 11ലെ ഭീകരാക്രമണം) ന്‍റെ വാർഷികത്തിൽ ക്യാമ്പ് ഡേവിഡിലേക്ക് ട്രംപ് താലിബാനെ ക്ഷണിച്ചു. 2020 ഫെബ്രുവരിയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സും താലിബാനും അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള കരാറിൽ ഒപ്പ് വച്ചിരുന്നു. 2021 മെയ് മാസത്തോടെ അഫ്‌ഗാനിസ്ഥാനിൽ നിന്ന് എല്ലാ യുഎസ് സേനകളെയും പിൻവലിക്കാൻ കരാർ ഉറപ്പിച്ചു. പ്രത്യുപകാരമായി, താലിബാൻ യുഎസ് സൈനികരെ ആക്രമിക്കുന്നതിൽ നിന്നും അഫ്‌ഗാനിസ്ഥാന്‍റെ പ്രധാന നഗരങ്ങളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്നും വിട്ടുനിൽക്കാനും കരാറിൽ ആവശ്യപ്പെട്ടു.
എന്നാൽ അമേരിക്ക പിൻവാങ്ങാൻ പ്രതിജ്ഞാബദ്ധമായിരിക്കുന്നിടത്തോളം കാലം മാത്രമായിരുന്നു ഈ കരാറിന്‍റെ കാലാവധി. താലിബാൻ കൈവശം വച്ചിരിക്കുന്ന ഒരേയൊരു അമേരിക്കൻ ബന്ദിയെ മോചിപ്പിക്കാതെ, മുതിർന്ന യുദ്ധ കമാൻഡർമാർ ഉൾപ്പെടെ 5,000 താലിബാൻ പോരാളികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ മുൻ യുഎസ് പ്രസിഡന്‍റ് അഫ്‌ഗാൻ സർക്കാരിൽ സമ്മർദം ചെലുത്തിയതായും പ്രസ്‌താവനിൽ പറയുന്നു. അഫ്‌ഗാനിൽ നിന്ന് യുഎസ് സൈന്യത്തെ മോചിപ്പിച്ചതോടെ താലിബാൻ അഷ്‌റഫ് ഗാനി സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും അതിക്രൂരമായ യുദ്ധമുറകളിലൂടെ അധികാരത്തിലെത്തുകയും ചെയ്യുകയായിരുന്നു. അഫ്‌ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ച അമേരിക്കൻ നടപടിക്കെതിരെ വലിയ വിമർശനങ്ങൾ അന്ന് ഉയർന്നിരുന്നു.
'ബൈഡൻ വിളിച്ചു വരുത്തുന്നത് മൂന്നാം ലോക മഹായുദ്ധം': ജോ ബൈഡന്‍റെ നേതൃത്വത്തിലെ അമേരിക്കൻ ഭരണം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകരാഷ്ട്രങ്ങളെ നയിക്കുമെന്ന് ഡോണാൾഡ് ട്രംപ്. ട്രംപ് ഫ്ലോറിഡയിൽ നടത്തിയ പ്രസംഗത്തിൽ പല രാജ്യങ്ങളും ഇപ്പോൾ അമേരിക്കക്കെതിരെ ആണവായുധം ഉപയോഗിക്കാൻ ആലോചിക്കുന്നണ്ടെന്നും ബൈഡന്‍റെ ഭരണത്തിൻ കീഴിൽ അമേരിക്ക ഇപ്പോൾ ഛിന്നഭിന്നമാണെന്നും ട്രംപ് പറഞ്ഞു. അമേരിക്ക സാമ്പത്തിക തകർച്ചയിലാണെന്നും താൻ ഭരിച്ചിരുന്ന ഭരണകാലത്ത് മറ്റൊരു രാജ്യവും അമേരിക്കയെ കുറിച്ച് ഇങ്ങനെ ആലോചിച്ചിരുന്നില്ലെന്നും ലൈംഗികാരോപണ കേസിൽ ന്യൂയോർക്ക് കോടതിയിൽ കീഴടങ്ങിയ ശേഷം ഫ്ലോറിഡയിൽ മടങ്ങിയത്തിയതിന് പിന്നാലെ ട്രംപ് വിമർശിച്ചു.