ധാക്ക (ബംഗ്ലാദേശ്) : ബംഗ്ലാദേശ് 12-ാം പൊതു തെരഞ്ഞെടുപ്പ് (Bangladesh election result) ഫലം പുറത്ത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഞ്ചാം തവണയും ഭരണത്തിൽ (Sheikh Hasina re-elected for fifth term in Bangladesh). ഇന്നലെ (ജനുവരി 7) നടന്ന തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വോട്ട് ബഹിഷ്‌കരിച്ചിരുന്നു.
ബിഎൻപിയുടെ അഭാവത്തിൽ അവാമി ലീഗ് (Awami League) പാർട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഷെയ്ഖ് ഹസീന (Sheikh Hasina) യുടെ പാർട്ടിയായ അവാമി ലീഗ് തുടർച്ചയായി നാലാം തവണയാണ് വിജയിക്കുന്നത്. എന്നാൽ രാജ്യത്ത് 1991-ൽ ജനാധിപത്യം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാനമാണ് രേഖപ്പെടുത്തിയതെന്ന് പ്രമുഖ ബംഗ്ലാദേശ് പത്രം റിപ്പോർട്ട് ചെയ്‌തു.
അതേ സമയം അവാമി ലീഗ് തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗികമായ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. പ്രധാന പ്രതിപക്ഷമായ ബിഎൻപിയും മറ്റ് 15 പാർട്ടികളും തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നതോടെ അവാമി ലീഗ് അഞ്ച് മണ്ഡലങ്ങളിൽ വിജയിച്ചു. എന്നാൽ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആഘോഷ പ്രകടനങ്ങൾ നടത്തരുതെന്ന് ഷെയ്ഖ് ഹസീന പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു.
തെരഞ്ഞെടുപ്പിൽ 2,49,962 വോട്ടുകൾ നേടിയ ഗോപാൽഗഞ്ച്-3 മണ്ഡലത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എതിരില്ലാതെ വിജയിച്ചു. ഈ മണ്ഡലത്തിലെ ആകെ സീറ്റുകളുടെ എണ്ണം 108 ആണ്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുള്ളതായി അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ക്വാദർ പറഞ്ഞിരുന്നു.
ഇത് രാജ്യത്തെ ജനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്ന് ഒബൈദുൽ ക്വാദർ പറഞ്ഞു. നിരവധി പ്രതിസന്ധികളെ തരണം ചെയ്‌ത് സ്വതന്ത്രവും സമാധാനപരവുമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും എന്നാൽ ബിഎൻപി ആഗ്രഹിച്ചത് ബംഗ്ലാദേശിലെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ നാലാം തവണയും ഭരണത്തുടർച്ച ലഭിച്ച ഹസീന ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്‌ഠിക്കുന്ന വ്യക്തിയാവും. വലിയ ആക്രമണങ്ങളാണ് ബംഗ്ലാദേശിൽ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയത്. അതേസമയം ബിഎൻപിയുടെ തെരഞ്ഞെടുപ്പ് വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിലും മികച്ച പോളിങ് ലഭിച്ചെന്ന് അവാമി ലീഗ് ഓഫിസ് സെക്രട്ടറി ബാരിസ്റ്റർ ബിപ്ലബ് ബറുവ സൂചിപ്പിച്ചു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) രാജ്യത്ത് അക്രമം അഴിച്ചു വിടുകയാണെന്നും, അവർ വികസനങ്ങംക്ക് എതിരാണെന്നും ഹസീന ആരോപിച്ചു. ബംഗ്ലാദേശ് ഒരു പരമാധികാര രാജ്യമാണെന്നും ജനങ്ങളാണ് തന്‍റെ ശക്തിയെന്നും വോട്ടെടുപ്പിന് ശേഷം ഹസീന പറഞ്ഞിരുന്നു. പാർട്ടി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ബിഎൻപിയും ജമാത്തും രാജ്യത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒട്ടനവധി അക്രമങ്ങൾ നടത്തിയിരുന്നു. ഇത് രാജ്യത്ത് ജനാധിപത്യം തുടരാൻ ഈ പാർട്ടികൾ ആഗ്രഹിക്കാത്തതിനാലെന്ന് ഹസീന കുറ്റപ്പെടുത്തി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെ ഹസീന 'ഭീകര സംഘടന' എന്ന് വിളിച്ചു.
ഏറെക്കുറെ സമാധാനപരമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് അവസാനിച്ചത്. എന്നിരുന്നാലും വോട്ടർമാരുടെ സാന്നിധ്യം വളരെ കുറവായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഞായറാഴ്‌ച പ്രാദേശിക സമയം രാവിലെ 8 മണിക്ക് രാജ്യത്തെ 42,024 വോട്ടിങ് കേന്ദ്രങ്ങളിലെ 261,912 പോളിങ് ബൂത്തുകളിൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4 മണി വരെ തുടർന്നിരുന്നു.
പ്രതിപക്ഷ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി, വിവിധ ജില്ലകളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മുൻഷിഗഞ്ചിൽ ഒരാൾ കൊല്ലപ്പെട്ടതായും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.