മിന : ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യസ്ഥലമായ മക്കയില്‍ ഹജ്ജ് കര്‍മത്തിന്‍റെ ആദ്യ ചടങ്ങിന് ഇന്ന് തുടക്കം. 20 ലക്ഷം തീർഥാടകർ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് എത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. കൊവിഡ് മാനദണ്ഡങ്ങള്‍ ഒഴിവാക്കിയ സാഹചര്യം കൂടി കണക്കിലെടുത്താണ് 20 ലക്ഷം തീർഥാടകരുടെ കണക്ക് പ്രതീക്ഷിക്കുന്നത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തീര്‍ഥാടകര്‍ ഹജ്ജ് കര്‍മത്തിനായി എത്തുക. ശനിയാഴ്‌ച തന്നെ ഹാജിമാര്‍ ഹജ്ജ് കര്‍മത്തിനായി എത്തി തുടങ്ങിയിരുന്നു. നിസ്‌കാരം, ഖുര്‍ആന്‍ പാരായണം മറ്റ് ആരാധനകള്‍ എന്നിവയുമായി തീര്‍ഥാടകര്‍ കഅ്‌ബയില്‍ ചെലവഴിക്കുന്നതാണ് രീതി. മൂന്ന് വർഷം മുന്‍പ് കൊവിഡ് മഹാമാരി വ്യാപനം ഉണ്ടായ ശേഷം ആദ്യമായാണ് ലോകത്തിലെ വലിയ മതപരമായ സംഗമം ഈ വർഷം നടക്കുന്നത്.
നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുകളഞ്ഞ് പഴയ രീതിയിലേക്ക് മാറ്റിയതുകൊണ്ടാണ് ഇത് സാധ്യമായത്. ഇസ്‌ലാം മതത്തില്‍ വിശ്വാസികള്‍ പ്രധാനമായും പാലിക്കേണ്ട അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് മക്കയിലേക്കുള്ള തീർഥാടനം. ആരോഗ്യവും സാമ്പത്തും ഉണ്ടെങ്കില്‍ എല്ലാ വിശ്വാസികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കണമെന്നാണ് മതം അനുശാസിക്കുന്നത്.
സ്വരുക്കൂട്ടലിന്‍റേയും കാത്തിരിപ്പിന്‍റേയും ഒന്നിക്കല്‍: ഹജ്ജ് കര്‍മം, പാപങ്ങളില്‍ നിന്നും തങ്ങളെ മുക്തരാക്കുമെന്നും കൂടുതല്‍ ദൈവത്തോട് അടുപ്പിക്കുമെന്നുമാണ് തീർഥാടകരുടെ വിശ്വാസം. ലോകത്തിന്‍റെ വിവിധ ഇടങ്ങളിലെ മുസ്‌ലിങ്ങളെ ഒന്നിപ്പിക്കുക കൂടി ചെയ്യുന്നതാണ് ഈ തീര്‍ഥാടനം. വിശ്വാസികളില്‍ ചിലർ വർഷങ്ങളോളം പണം സ്വരുക്കൂട്ടി വച്ചും മറ്റൊരു വിഭാഗം യാത്ര ചെയ്യാനുള്ള അനുമതിക്കായി കാത്തിരുന്നുമാണ് മിനായിലേക്ക് എത്തുന്നത്. ഹജ്ജ് വേളയിലെ ആചാരങ്ങൾ പ്രധാനമായും ഇബ്രാഹിം, അദ്ദേഹത്തിന്‍റെ മകൻ ഇസ്‌മായിൽ, ഇസ്‌മായിലിന്‍റെ മാതാവ് ഹാജറ എന്നിവരെക്കുറിച്ചുള്ള ഖുർആന്‍ ഭാഗത്തെ അനുസ്‌മരിപ്പിക്കുന്നതാണ്.
ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിന് മുന്നിലെ സമര്‍പ്പണവും പരീക്ഷിച്ച ബലിദിനത്തിന്‍റെ മഹത്വമാണ് ഹജ്ജ് കര്‍മത്തിലൂടെ ഇസ്‌ലാം മതവിശ്വാസികൾ അനുസ്‌മരിക്കുന്നത്. ഇബ്രാഹിം നബി അല്ലാഹുവിനായി സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറാവുന്നതാണ് ഈ കര്‍മത്തിന്‍റെ പൂർവകഥ. ഹിജ്‌റ കലണ്ടറിൽ ദുൽ ഹിജ്ജ മാസത്തിലെ എട്ടുമുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് ഹജ്ജ് കർമങ്ങൾ.
ALSO READ | ഹജ്ജ് ക്വാട്ട 1,75,025 ആയി പുനഃസ്ഥാപിച്ചുവെന്ന് ലോക്‌സഭയില്‍ വ്യക്തമാക്കി സ്‌മൃതി ഇറാനി
തീർഥാടകരെ സംബന്ധിച്ചിടത്തോളം, പാപങ്ങളെ തുടച്ചുനീക്കുകയും അവരെ ദൈവത്തോട് അടുപ്പിക്കുകയും മുസ്‌ലിം ഐക്യത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന അഗാധമായ ആത്മീയ അനുഭവമാണിത്. ഹജ്ജ് കർമത്തിനായി മക്കയിലെത്തുന്ന തീർഥാടകൻ ആദ്യം നിർവഹിക്കുന്നത് ഉംറ കർമമാണ്. പ്രാർഥനയോടെ കഅ്‌ബയെ പ്രദക്ഷിണം ചെയ്യലാണിത്. തൽബിയത്ത് മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ് വിശ്വാസികൾ മക്കയിലെത്തുന്നത്.
ALSO READ | റമദാനില്‍ മുസ്‌ലിങ്ങള്‍ ചെയ്യുന്നതെന്ത്? വ്രതവും ഇസ്‌ലാമിക ജീവിതവും