വാഷിങ്ടൺ: ഇന്ത്യ ഡേ പരേഡിൽ ബുൾഡോസർ പ്രദർശിപ്പിച്ചതിൽ അപലപിച്ച് രണ്ട് അമേരിക്കൻ സെനറ്റർമാർ. സ്വാതന്ത്യ്രദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്‌റ്റ് 14നാണ് ന്യൂജേഴ്‌സിയിലെ എഡിസണിൽ ഇന്ത്യ ഡേ പരേഡ് നടന്നത്. ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലാണ് പരേഡ് സംഘടിപ്പിച്ചത്.
സെനറ്റർമാരായ ബോബ് മെനെൻഡസിനും കോറി ബുക്കറുമാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. അമേരിക്കയിലെ ഇന്ത്യൻ മുസ്‌ലിം കൂട്ടായ്‌മയായ ഇന്ത്യൻ അമേരിക്ക മുസ്‌ലിം കൗൺസിൽ പ്രതിനിധികളുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തിയിരുന്നു. മഹത്തരമായ ഒരു ദിവസം നടത്തിയ ബുൾഡോസർ പ്രദർശനത്തിനെതിരെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ബുൾഡോസറുകൾ കുറ്റകൃത്യങ്ങളുടെയും വിദ്വേഷത്തിന്‍റെയും പ്രതീകമാണ്, യോഗി ആദിത്യനാഥ് ഈ യന്ത്രങ്ങൾ തിരഞ്ഞെടുത്ത് ചില സമുദായങ്ങളെ ലക്ഷ്യമിട്ടാണെന്നും മുസ്‌ലിം കൗൺസിൽ പ്രതിനിധികൾ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സുകൾ സ്ഥാപിച്ചായിരുന്നു ബുൾഡോസർ റാലി. യോഗിയുടെ ബുൾഡോസർ ഡ്രൈവിനെ സൂചിപ്പിച്ച് 'ബാബാ കാ ബുൾഡോസർ' എന്ന വാചകമടങ്ങുന്ന ഫ്‌ളക്‌സുകളാണ് ഇതിൽ സ്ഥാപിച്ചിരുന്നത്.
ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യ ഡേ പരേഡിൽ ബുൾഡോസർ ഉൾപ്പെടുത്തിയതിൽ രോഷാകുലരായ ന്യൂജേഴ്‌സിയിലെ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിയിലെ നേതാക്കളുമായും അംഗങ്ങളുമായും കൂടിക്കാഴ്‌ച നടത്തി, ആർക്കും ഭയംകൂടാതെ ഇവിടെ കഴിയാം, ജാതി വർഗ വ്യത്യാസമില്ലാതെ ഇവിടെ ജനങ്ങൾ ജീവിക്കുന്നതിൽ അഭിമാനിക്കുന്നു എന്നും ബോബ് മെനെൻഡസിനും കോറി ബുക്കറും പറഞ്ഞു.
ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ഭീഷണിയുടെ പ്രതീകമായി ബുൾഡോസർ മാറിയിരിക്കുന്നു, ഇത്തരം ഒരു റാലിയിൽ ബുൾഡോസർ ഉൾപ്പെടുത്തിയത് തെറ്റാണെന്നും അവർ പറഞ്ഞു. നേരത്തെ എഡിസൺ മേയർ സാം ജോഷി സംഭവത്തിൽ അപലപിച്ചിരുന്നു.