ഇസ്‌ലാമാബാദ് : തെക്കൻ അഫ്‌ഗാനിസ്ഥാനിൽ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് കളിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി നാല് കുട്ടികൾ കൊല്ലപ്പെട്ടു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച ഹെല്‍മന്ദ് പ്രവിശ്യയിലെ മതപാഠശാലയ്ക്കുള്ളിൽ അതുവരെ പൊട്ടാതെ കിടന്നിരുന്ന ഷെൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായതായി പ്രവിശ്യ പൊലീസ് മേധാവിയുടെ ഓഫിസ് അറിയിച്ചു.
ഏഴിനും 14 നും ഇടയിൽ പ്രായമായ വിദ്യാർഥികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ തല്‍ക്ഷണവും പ്രവിശ്യ തലസ്ഥാനമായ ലഷ്‌കർ ഗാഹിലെ ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെ ഒരു കുട്ടിയുമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അഫ്‌ഗാനിസ്ഥാനിലെ പതിറ്റാണ്ടുകളായുള്ള യുദ്ധാന്തരീക്ഷവും യുദ്ധത്തിന്‍റെ അവശേഷിപ്പുകളായുള്ള ഇത്തരം സ്‌ഫോടക വസ്‌തുക്കളും കുട്ടികൾക്ക് അപകട ഭീഷണി ഉയര്‍ത്തുന്നവയാണ്. പലപ്പോഴും കുടുംബത്തെ പുലർത്താന്‍ വേണ്ടി കുട്ടികൾ സ്ക്രാപ്പ് മെറ്റൽ ശേഖരിച്ച് വിൽക്കുന്ന സാഹചര്യവുമുണ്ടാകാറുണ്ട്.