വാഷിങ്‌ടണ്‍: ടിബറ്റിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മതപരമായ അടിച്ചമർത്തലുകള്‍ക്കുമെതിരെയുള്ള വേള്‍ഡ് പാർലമെന്‍റേറിയന്‍സ് കൺവെൻഷൻ ഓൺ ടിബറ്റ് (World Parliamentarians’ Convention on Tibet (WPCT)) ജൂൺ 22 മുതൽ 23 വരെ അമേരിക്കയിലെ വാഷിങ്‌ടണ്‍ ഡിസിയിൽ വച്ച് നടക്കും. 26 രാജ്യങ്ങളിൽ നിന്നുള്ള 100ലധികം പ്രതിനിധികള്‍ നേരിട്ടും വീഡിയോ കോണ്‍ഫറന്‍സ് വഴിയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ടിബറ്റന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്‍റ് അംഗങ്ങളുടെ പിന്തുണ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് കണ്‍വെന്‍ഷന്‍റെ ലക്ഷ്യം.
വീഡിയോ സന്ദേശവുമായി ദലൈലാമ: ടിബറ്റുമായി ബന്ധപ്പെട്ട് നിരവധി നയങ്ങള്‍ രൂപീകരിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് വഹിച്ച നിര്‍ണായക പങ്ക് കണക്കിലെടുത്ത് ആദരമെന്ന നിലയിലാണ് കണ്‍വെന്‍ഷന്‍ വേദിയായി വാഷിങ്‌ടണ്‍ ഡിസി തെരഞ്ഞെടുത്തതെന്ന് ടിബറ്റന്‍ പ്രവാസ സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്‌താവനയില്‍ വ്യക്തമാക്കി. കണ്‍വെന്‍ഷനില്‍ ടിബറ്റ് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകളും ബ്രീഫിങ് സെഷനുകളുമുണ്ടാകും. വീഡിയോ സന്ദേശത്തിലൂടെ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സ് സ്‌പീക്കർ നാൻസി പെലോസിയും കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യും.
ആദ്യ കണ്‍വെന്‍ഷന്‍ ഇന്ത്യയില്‍: ടിബറ്റിലെ ചൈനീസ് അധിനിവേശത്തിന് ശേഷം ടിബറ്റൻ ഐഡന്‍റിറ്റിയുടെ നിലനിൽപ്പിന് വേണ്ടി ഇന്ത്യ വഹിച്ച നിര്‍ണായക പങ്കിന് ആദരമെന്ന നിലയില്‍ 1994ല്‍ ന്യൂഡൽഹിയിൽ വച്ചാണ് ആദ്യത്തെ കണ്‍വെന്‍ഷന്‍ നടന്നത്. പിന്നീടുള്ള ആറ് കണ്‍വെന്‍ഷനുകള്‍ വിൽനിയസ് (1995), വാഷിങ്ടൺ ഡിസി (1997), എഡിൻബർഗ് (2005), റോം (2009), ഒട്ടാവ (2012), റിഗ (2019) എന്നീ നഗരങ്ങളിലാണ് നടന്നത്.
എട്ടാമത് കണ്‍വെൻഷനാണ് ഈ വര്‍ഷം. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന പാര്‍ലമെന്‍റ് അംഗങ്ങളിലൂടെ ടിബറ്റൻ ഐഡന്‍റിറ്റിയുടെയും അതിന്‍റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്‍റെയും നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുക, ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെയും ചൈനയുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച നേരത്തേ പുനഃരാരംഭിക്കുന്നതിന് പിന്തുണ എന്നിവയും ലക്ഷ്യമിടുന്നുണ്ട്.