പുതുക്കോട്ടൈ: പാൽക്ബേ മേഖലയിലെ ഡെൽഫ് ദ്വീപിന് സമീപം മത്സ്യബന്ധനത്തിലേർപ്പെട്ട 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന തടവിലാക്കുന്നതും അവരുടെ ബോട്ടുകൾ സർക്കാർ പിടിച്ചെടുക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. പുതുക്കോട്ട ജില്ല ജഗദപട്ടണത്ത് നിന്ന് ബുധനാഴ്ച ടിഎൻ 08 എംഎം 1802, ടിഎൻ 08 എംഎം 065 എന്നീ രണ്ട് ബോട്ടുകളിലായി 12 മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോയിരുന്നത്.
രണ്ട് ബോട്ടുകളിലായി മത്സ്യത്തൊഴിലാളികൾ പാൽക്‌ബേ കടലിലെ ഡെൽഫ് ദ്വീപിന് സമീപം മീൻ പിടിക്കുകയായിരുന്നു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവികസേന ഇവർ രാജ്യാതിർത്തി കടന്ന് മീൻ പിടിച്ചതായി ആരോപിക്കുകയും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടിച്ചെടുക്കുകയും ചെയ്‌തു. പിടിയിലായ മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിനായി ജാഫ്നയിലെ മൈലാട്ടി ബീച്ച് ക്യാമ്പിലേക്ക് കൊണ്ടുപോയി എന്നാണ് ഔദ്യോഗിക വിവരം.
മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയത് പുതുക്കോട്ടയിലെ മത്സ്യത്തൊഴിലാളികൾക്കിടയിൽ വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്.
തുടർക്കഥകൾ: മാർച്ചിൽ ശ്രീലങ്കൻ നാവികസേന രണ്ട് ഇന്ത്യൻ ട്രോളറുകൾ അനധികൃത മത്സ്യബന്ധനം ആരോപിച്ച് പിടിച്ചെടുത്തിരുന്നു. ട്രോളറുകൾക്കൊപ്പം 16 ഇന്ത്യൻ പൗരന്മാരെയും വെത്തലക്കേനിക്ക് വടക്ക് കിഴക്ക് ആനലത്തീവ് ദ്വീപിന് സമീപവും പിടിച്ചെടുത്തിരുന്നു. മത്സ്യബന്ധന ട്രോളറുകളുടെ അനധികൃത മത്സ്യബന്ധന രീതികൾ തടയുന്നതിനായി ലങ്കൻ കടലിൽ പതിവ് പട്രോളിംഗും പ്രവർത്തനങ്ങളും തുടരുന്നതായി ശ്രീലങ്കൻ നാവികസേന ഇതിന് മുമ്പ് അറിയിപ്പ് നൽകിയിരുന്നു.
ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌ത 16 മത്സ്യത്തൊഴിലാളികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് തമിഴ്‌നാട് ഭാരതീയ ജനത പാർട്ടി (ബിജെപി) പ്രസിഡന്‍റ് കെ അണ്ണാമലൈ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. കസ്റ്റഡിയിലുള്ളവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടൽ വേണമെന്നും കെ അണ്ണാമലൈ കത്തിൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ രണ്ട് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ഫെബ്രുവരിയിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരായ ആക്രമണങ്ങളുടെ വിഷയം ശ്രീലങ്കൻ അധികൃതരോട് ശക്തമായി ഉന്നയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രീലങ്കൻ ഗവൺമെന്‍റിനോട് വിഷയം അന്വേഷിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്കെതിരെ ഒരു തരത്തിലും ബലപ്രയോഗവും അക്രമവും പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും അന്യായ നടപടികൾ തുടരുകയാണ്.
ഫെബ്രുവരിയിൽ മാത്രം മൂന്ന് കേസുകൾ: സമുദ്രാതിർത്തി മറികടന്നുവെന്ന് ആരോപിച്ച് രാമേശ്വരത്തുനിന്ന് പുറപ്പെട്ട 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന തലൈമന്നാറിന് സമീപം അറസ്റ്റ് ചെയ്തത് ഈ വർഷം ഫെബ്രുവരിയിലാണ്. രണ്ട് മീൻപിടുത്ത ട്രോളറുകളും പിടിച്ചെടുത്ത ശ്രീലങ്കൻ നാവിക സേന ഫെബ്രുവരിയിൽ മാത്രം മത്സ്യത്തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തത് മൂന്ന് തവണയാണ്. ഫെബ്രുവരി 12ന് അർധരാത്രിയോടെ തലൈമന്നാറിന് സമീപം, ഫെബ്രുവരി എട്ടിന് 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ, ഫെബ്രുവരി ഒന്നിന് 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും സേന അറസ്‌റ്റ് ചെയ്‌തു.
തമിഴ്‌നാടിനെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന പാക്ക് കടലിടുക്ക് പ്രദേശത്ത് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന കേന്ദ്രമാണ്. മിക്ക അറസ്‌റ്റുകളും ഈ പ്രദേശത്ത് നിന്നാണ് ഉണ്ടാവുന്നത്.