ലണ്ടൻ: യുകെയിൽ 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ ഉപയോഗത്തിന് അനുമതി. ഫൈസറും ബയോടെക്കും വികസിപ്പിച്ച കൊവിഡ് വാക്‌സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. കുട്ടികളിലെ വാക്‌സിനേഷൻ സംബന്ധിച്ച സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് വിശദമായ പഠിച്ച ശേഷമാണ് അനുമതി നൽകിയതെന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട് റെഗുലേറ്ററി ഏജൻസി അറിയിച്ചു.
Read more: 18-45 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനത്ത് മാർഗരേഖയായി
12 മുതൽ 15 വയസുവരെയുള്ള കുട്ടികളിലെ ക്ലിനിക്കൽ ട്രയൽ ഡാറ്റ വിശകലനം ചെയ്‌തതായും ഈ പ്രായത്തിലുള്ളവർക്ക് ഫൈസർ/ബയോടെക് കൊവിഡ് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും എംഎച്ച്ആർഎ ചീഫ് എക്സിക്യൂട്ടീവ് ഡോ. റെയ്ൻ പറഞ്ഞു. വാക്സിൻ പരീക്ഷണത്തിൽ യാതൊരുവിധ പാർശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
12-15 വയസ് പ്രായമുള്ള 2,000 കുട്ടികളിലാണ് ക്ലിനിക്കൽ പരീക്ഷണം നടത്തിയതെന്നും വാക്സിൻ സുരക്ഷിതമാണെന്നും എംഎച്ച്ആർഎ ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. 16 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷന് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഫൈസർ/ബയോടെക് വാക്‌സിനാണ് കൗമാരക്കാർക്കുള്ള ഉപയോഗത്തിന് അനുമതി നേടിയത്.