ഇസ്‌താംബുൾ: തുർക്കിയുടെ പടിഞ്ഞാറൻ ഇസ്‌മീർ പ്രവശ്യയിലുണ്ടായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. അപകടത്തിൽ നാല് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. അവശിഷ്‌ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിയതായി റിപ്പോർട്ടുകൾ.
തുർക്കിയിലുണ്ടായ ഭൂചലനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി തുർക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക ട്വീറ്ററിലൂടെ അറിയിച്ചു. 38 ആംബുലൻസുകളും രണ്ട് എയർ ആംബുലൻസുകളും 35 മെഡിക്കൽ റെസ്ക്യൂ ടീമുകളും രക്ഷാപ്രവർത്തനം നടത്തുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു.
ഗ്രീക്കിലുണ്ടായ ഭൂചലനത്തിൻ്റെ തീവ്രത 6.9 ആണെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ അറിയിച്ചു. അതേസമയം സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെ ഇസ്‌മീറിലേക്ക് അയച്ചതായി അടിയന്തര അതോറിറ്റി അറിയിച്ചു. ഏകദേശം അഞ്ച് ദശലക്ഷം ആളുകൾ താമസിക്കുന്ന തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണ് ഇസ്‌മീർ. ഇവിടെ 20ഓളം കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ട്. ഇസ്‌മീറിലെ സെഫെർഹിസർ ജില്ലയിലെ ഭൂകമ്പത്തിൽ വെള്ളപ്പൊക്കവും ഉണ്ടായി.