റിയാദ്: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മക്കയിലും മദീനയിലും കർഫ്യൂ നിയന്ത്രണം 24 മണിക്കൂറായി സൗദി അറേബ്യ നീട്ടി. വാർഷിക തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ താൽക്കാലികമായി മാറ്റിവയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ജൂലൈ അവസാനം നടക്കാനിരിക്കുന്ന ഹജ്ജ് അനിശ്ചിതത്വത്തിലാണ്.
നഗരങ്ങൾ നേരത്തെ 15 മണിക്കൂറായിരുന്നു കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. റിയാദ്, ജിദ്ദ എന്നിവയ്‌ക്കൊപ്പം മക്കയും മദീനയും അധികൃതർ സീൽ ചെയ്കിട്ടുണ്ട്. ആളുകൾക്ക് നഗരങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി. സൗദിയിൽ ഇതിനകം 1885 പേർക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും 21 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ മാസം സൗദി അറേബ്യ ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഹജ്ജ് നടത്തുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.