ടെഹ്‌റാന്‍: യുക്രൈന്‍ യാത്രാവിമാനം അബദ്ധത്തില്‍ വെടിവച്ചിട്ട സംഭവത്തില്‍ മുഴുവന്‍ കുറ്റക്കാരേയും ശിക്ഷിക്കുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനി. മുതിര്‍ന്ന ജഡ്‌ജിമാരും നിയമ വിദഗ്‌ധരും അടങ്ങുന്ന പ്രത്യേക കോടതിക്ക് രൂപം നല്‍കണമെന്നും സംഭവം ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്നും റുഹാനി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ടെഹ്‌റാനില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് യുക്രൈന്‍ യാത്രാവിമാനത്തിനെതിരെ ആക്രമണം ഉണ്ടായത്. അപകടത്തില്‍ 176 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ഇറാന്‍റെ പങ്ക് വ്യക്തമാക്കി യുഎസ് രഹസ്യാന്വേഷണ വിഭാഗം രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച ഇറാന്‍ ശനിയാഴ്‌ച കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവത്തില്‍ കൃത്യവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ രംഗത്തെത്തിയതോടെയാണ് ഇറാന്‍ കുറ്റസമ്മതം നടത്തിയത്.
മാനുഷികമായ തെറ്റാണ് സംഭവിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ഭരണകൂടത്തിനും പരമോന്നത നേതൃത്വത്തിനുമെതിരെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി തെരുവിലാണ്.