ഈജിപ്‌ത്: സൂയസ് കനാലിൽ കുടുങ്ങിയ കണ്ടെയ്‌നര്‍ കപ്പൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍. ജാപ്പനീസ് കമ്പനിയായ ഷൂയി കിസെൻ കെ. കെയുടെ ഉടമസ്ഥതയിലുള്ള എവർ ഗ്രീന്‍ ചൊവ്വാഴ്ചയാണ് സൂയസ് കനാലിൽ കുടുങ്ങിയത്. കപ്പൽ നീക്കം ചെയ്യാൻ 10 ടഗ് ബോട്ടുകൾ വിന്യസിച്ചിട്ടുണ്ടെന്ന് പടിഞ്ഞാറൻ ജപ്പാനിലെ ഇമാബാരിയിലെ കമ്പനി ആസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി നടന്ന വാർത്താ സമ്മേളനത്തിൽ ഷൂയി കിസെൻ പ്രസിഡന്‍റ് യുകിറ്റോ ഹിഗാക്കി പറഞ്ഞു.
ഇപ്പോൾ നടക്കുന്ന റിഫ്ലോട്ടിങ് ശ്രമങ്ങൾ പരാജയപ്പെട്ടാൽ കപ്പലിന്‍റെ ഭാരം കുറയ്ക്കുന്നതിനായി കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കപ്പൽ നീക്കം ചെയ്യാൻ അന്താരാഷ്ട്ര സഹായം തേടുന്നതായും സൂയസ് കനാൽ അതോറിറ്റി അറിയിച്ചു. കനാൽ വീണ്ടും തുറക്കാൻ ഈജിപ്‌തിനെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.