ന്യൂയോര്‍ക്ക്: രണ്ടാഴ്ചയ്ക്കിടെ 235,000 ആളുകൾ ഇഡ്‌ലിബ് മേഖലയിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. വടക്ക് പടിഞ്ഞാറൻ സിറിയയിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്നാണ് കൂട്ട പലായനം. മാസങ്ങളായി ഇഡ്‌ലിബ് പ്രവിശ്യയില്‍ വ്യോമാക്രമണം നടക്കുകയാണ്. കഴിഞ്ഞയാഴ്‍ചയാണ് സിറിയന്‍ സൈന്യം ഇഡ്‌ലിബ് ആക്രമണം ശക്തമാക്കിയത്. റഷ്യന്‍ സൈന്യത്തിന്‍റെ സഹായത്തോടെയാണ് സിറിയയിലെ വിഘനടവാദികള്‍ക്ക് നേരെ ആക്രമണം നടക്കുന്നത്.
വിമതര്‍ക്ക് സ്വാധീനമുള്ള ഇഡ്‌ലിബിലെ മറേറ്റ് അൽ-നുമാൻ നഗരത്തിലേക്ക് സിറിയന്‍ സൈന്യം നീങ്ങിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോയെ ഡമാസ്‍കസുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ഈ നഗരം. ഡിസംബർ 12 മുതൽ 25 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രദേശം ശൂന്യമായതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി അറിയിച്ചു.