ബാഗ്‌ദാദ്: വെള്ളിയാഴ്‌ച ബാഗ്‌ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇറാഖിലെ നാറ്റോയുടെ പരിശീലന പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളെ നേരിടുന്നതിനായി ബാഗ്‌ദാദ് സര്‍ക്കാരിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് നാറ്റോ രാജ്യത്തെ സുരക്ഷാ സേനക്ക് പരിശീലന പദ്ധതി ഒരുക്കിയത്. നാറ്റോയുടെ പരിശീലന പദ്ധതി തുടരുമെന്നും എന്നാല്‍ പരിശീലന പരിപാടി നിലവില്‍ നിര്‍ത്തിവെക്കുകയാണെന്നും നാറ്റോ വക്താവ് ഡ്യാല്‍ വൈറ്റ് അറിയിച്ചു.
ജിഹാദികള്‍ക്കെതിരെ ഇറാഖ് സൈന്യത്തെ സഹായിക്കുന്നത് കുറച്ചതായി അമേരിക്ക കഴിഞ്ഞ ശനിയാഴ്‌ച പറഞ്ഞിരുന്നു. നാറ്റോ സെക്രട്ടറി ജനറല്‍ ജന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.