ടെല്‍ അവീവ്: ഇസ്രായേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ജറുസലേമിലെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തടിച്ചുകൂടി. സര്‍ക്കാരിനെതിരെ സംഘടിപ്പിക്കുന്ന ഏറ്റവും ശക്തമായ പ്രതിഷേധത്തിനാണ് ശനിയാഴ്‌ച ജറുസലേം സാക്ഷിയായത്. കെയ്‌സറിയയിലെ നെതന്യാഹുവിന്‍റെ സ്വകാര്യ ഭവനത്തിന് മുന്നിലും, പ്രീമിയര്‍ പാലത്തിന് മുകളിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നു. പലയിടത്തും പൊലീസും സമരക്കാരും ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാരായ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസിനെ അക്രമിക്കുന്നതും, പൊതു സ്വത്തുക്കള്‍ നശിപ്പിക്കുന്നതും, കലാപത്തിന് സമാനമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതും അംഗീകരിക്കാനാകില്ല. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പ്രസ്‌താവന പുറത്തിറക്കിയിട്ടുണ്ട്. വിശ്വാസ ലംഘനം, അഴിമതി തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിടുന്നത്. മൂന്ന് തവണ നടന്ന തെരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തതുകൊണ്ട് പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചാണ് സര്‍ക്കാരുണ്ടാക്കിയത്. ഭരണകാലത്തിന്‍റെ ആദ്യപകുതിയില്‍ നെതന്യാഹുവിനും രണ്ടാം പകുതിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാവായിരുന്ന ബെന്നി ഗാന്‍റ്‌സിനുമാണ് പ്രധാനമന്ത്രി സ്ഥാനം നല്‍കുക.