ദുബായ്: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകിയതായി കുടുംബം. പുണ്യമാസത്തിന്‍റെ അനുഗ്രഹീത രാവില്‍ ദൈവപ്രീതി ആഗ്രഹിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജമാൽ ഖഷോഗിയുടെ മകൻ സലാഹ് ഖഷോഗി ട്വീറ്റ് ചെയ്തു. ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി പൗരനായ ജമാല്‍ ഖഷോഗി 2017 ൽ ആണ് ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്‍റെ മൃതദേഹം പോലും കണ്ടെത്താൻ സാധിച്ചില്ല. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ സൗദി അറേബ്യ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. കേസില്‍ പ്രതികളായ മറ്റ് മൂന്ന് പേര്‍ക്ക് 24 വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചു. ഖഷോഗിയുടെ മക്കൾ മാപ്പ് നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ പ്രതികളുടെ വധശിക്ഷ ഒഴിവാക്കുമെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.