അമ്മാൻ: ജോർദാനിൽ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി. ബ്രിട്ടനിൽ നിന്നെത്തിയ രണ്ട് പേർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതായി ജോർദാൻ ആരോഗ്യമന്ത്രി നതീർ ഒബീദത്ത് അറിയിച്ചു. ഡിസംബർ 19ന് ബ്രിട്ടനിൽ നിന്നെത്തിയ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും നതീർ ഒബീദത്ത് പറഞ്ഞു.
ഡിസംബർ 14നാണ് തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചത്. രോഗം യൂറോപ്പിലുടനീളമുള്ള പല രാജ്യങ്ങളിലേക്കും വ്യാപിച്ചതായാണ് നിഗമനം. പുതിയ രോഗത്തിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനായി പല രാജ്യങ്ങളും യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽകാലികമായി വിലക്കേർപ്പെടുത്തി.