ജെറുസലേം: ഗാസയിലെ വിവിധ സ്ഥലങ്ങളിലായി ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. തുടർച്ചയായ എട്ടാം ദിവസമാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നത്. മരണസംഖ്യ 200ന് അടുത്തെത്തിയതായാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്.
ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്ന് കെട്ടിടങ്ങൾ തകരുകയും ഞായറാഴ്‌ച മാത്രം 42 പലസ്‌തീൻ പൗരൻമാർ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ. ഗാസയിലെ ഹമാസ് മേധാവി യെഹ്യ അൽ സിൻവാറിന്‍റെ വീടും ആക്രമണത്തിൽ ലക്ഷ്യമിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 58 കുട്ടികളും 34 സ്‌ത്രീകളും ഉൾപ്പെടെ 192 പേർ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചതായാണ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. പലസ്‌തീനും ഇസ്രയേലും തമ്മിലുള്ള ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി ഞായറാഴ്‌ച യോഗം ചേർന്നിരുന്നു. വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിനായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ, ബെഞ്ചമിൻ നെതന്യാഹു, പലസ്‌തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ് എന്നിവർ ചർച്ച നടത്തി.
അതേ സമയം ഞായറാഴ്‌ച ഗാസയിലെ അഭയാർഥിക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 പേരാണ് കൊല്ലപ്പെട്ടത്.
Also Read: ഇസ്രയേൽ വ്യോമാക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറൽ