ടെൽ അവീവ് : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഫെബ്രുവരി ഏഴ് രാവിലെ വരെ നീട്ടിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കൊവിഡ് മരുന്ന് വിതരണം ശക്തിപ്പെടുത്തിയിട്ടും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഡിസംബർ 27 മുതൽ പ്രാബല്യത്തിൽ വന്ന മൂന്നാമത്തെ ലോക്ക് ഡൗണാണ് രാജ്യത്ത് പുരോഗമിക്കുന്നത്. പുറം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കുന്നതിനും അനുമതിയില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി ബെൻ ഗുരിയോൺ വിമാനത്താവളം അടച്ചു, ചരക്ക് വിമാനങ്ങള്‍ക്കും മറ്റ് അടിയന്തര വിമാനസര്‍വീസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. കൊവിഡ് മരുന്ന് വിതരണം രാജ്യത്ത് ശക്തിപ്പെടുന്നുണ്ട്. നിലവില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മരുന്ന് നല്‍കുന്നത്. വരും ദിവസങ്ങളില്‍ അത് മറ്റുള്ളവര്‍ക്കും ലഭ്യമാക്കും. മരുന്ന് സ്വീകരിക്കുന്നതിനോട് ആരും എതിര്‍പ്പ് പ്രകടിപ്പിക്കരുതെന്നും ബെഞ്ചമിൻ നെതന്യാഹു അഭ്യര്‍ഥിച്ചു. നിലവിൽ 679,149 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. 5,019 മരണവും രാജ്യത്ത് സ്ഥിരീകരിച്ചു.