ന്യൂയോർക്ക്: അറബിക്കടലിൽ നിന്ന് കണ്ടെത്തിയ ആയിരക്കണക്കിന് ആയുധങ്ങൾ ഇറാൻ യെമനിലേക്ക് കടത്താൻ ശ്രമിച്ചതാണെന്ന് യുണൈറ്റഡ് നേഷൻസിന്‍റെ കണ്ടെത്തൽ. തെഹ്‌റാന്‍റെ ആയുധക്കടത്തിന്‍റെ തെളിവാണിതെന്ന് യുഎൻ റിപ്പോർട്ടിനെ ഉദ്ധരിച്ച് വോൾ സ്‌ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തു.
2014 മുതൽ ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യമാണ് യെമൻ. രാജ്യത്തിന്‍റെ വടക്കുഭാഗം ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്ന ഹൂതികള്‍ക്കെതിരെ സൗദി അറേബ്യയുടെ സൈന്യവും യെമനീസ് സർക്കാരും നിരന്തരമായി ആക്രമണം നടത്തുന്നുണ്ട്. ഹൂതി വിമതർക്കായാണ് ഇറാൻ ആയുധങ്ങൾ എത്തിക്കുന്നത്.
റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ നിർമിക്കുന്ന ആയുധങ്ങൾ ബോട്ടുകളിലൂടെയും കരമാർഗത്തിലൂടെയുമാണ് യെമനിലേക്ക് കടത്തുന്നതെന്ന് വിദഗ്‌ധ സമിതി റിപ്പോർട്ടിൽ പറയുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ വിഗദ്‌ധ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
അറബിക്കടലിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകൾ, മെഷീൻ ഗൺ, സ്നിപ്പർ റൈഫിളുകൾ എന്നിവയാണ് കഴിഞ്ഞ മാസങ്ങളിൽ യുഎസ് നാവികസേന കണ്ടെടുത്തത്. യെമനിലേക്കും സൊമാലിയയിലേക്കും സർക്കാർ സ്റ്റോക്കുകളിൽ നിന്ന് ആയുധങ്ങൾ കൊണ്ടുപോകുന്ന രീതിയാണ് പല വിഭാഗത്തിൽപെടുന്ന ആയുധങ്ങൾ കണ്ടെത്തിയതിലൂടെ മനസിലാക്കുന്നതെന്ന് സമതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഹൂതി വിമതർക്ക് ആയുധങ്ങൾ എത്തിക്കുന്നത് ഇറാൻ ആണെന്ന ആരോപണവുമായി യെമനീസ് സർക്കാരിനെ പിന്തുണക്കുന്ന യുഎസും സൗദി അറേബ്യയും നിരവധി തവണ രംഗത്തെത്തിയിരുന്നു. എന്നാൽ തെഹ്‌റാൻ ഈ ആരോപണങ്ങളെ നിഷേധിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന യുഎൻ റിപ്പോർട്ടിനോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ: അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ ആനക്കുട്ടിയെ കരയ്‌ക്കെത്തിച്ചു