ഗാസ: നൂറ്റാണ്ടിന്‍റെ കരാറായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ച മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയെ തള്ളി ഹമാസ് നേതാവ് ഇസ്‌മയില്‍ ഹനിയ. ജറുസലേമും പുണ്യസ്ഥലങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് ഫത്തേ പാര്‍ട്ടിയുമായും കെയ്റോയിലെ മറ്റ് വിഭാഗങ്ങളുമായും അടിയന്തര ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് നാളെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ഹമാസിന്‍റെ പ്രതികരണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രഖ്യാപനം ഉണ്ടാകുമെന്ന് ട്രംപ് നേരത്തേ അറിയിച്ചിരുന്നു.
നേരത്തേ പദ്ധതിയുടെ സാമ്പത്തിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം ചര്‍ച്ചയായ ബഹ്‌റൈനില്‍ നടന്ന സമ്മേളനം പലസ്തീന്‍ ബഹിഷ്കരിച്ചിരുന്നു.പദ്ധതിക്കെതിരെ തുടക്കത്തില്‍ മോശം പ്രതികരണം ഉണ്ടാകുമെങ്കിലും പലസ്തീന് ഇത് ഗുണകരമാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ സമാധാന പദ്ധതി പ്രഖ്യാപനം പല തവണ ട്രംപ് മാറ്റിവച്ചിരുന്നു. ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ചത് മുതല്‍ ട്രംപിനെതിരെ പലസ്തീനില്‍ ജനരോഷം ശക്തമാണ്. 2017 ല്‍ യു.എസുമായുള്ള എല്ലാ ബന്ധങ്ങളും രാജ്യം വിച്ഛേദിച്ചിരുന്നു.