ജിദ്ദ: ഹജ്ജിന്റെ സുപ്രാധാന ചടങ്ങായ അറഫാ സംഗമത്തിനായി വിശ്വാസികള്‍ പുലര്‍ച്ചെ മുതല്‍ അറഫാ മൈതാനിയില്‍ എത്തിതുടങ്ങി. മിനയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ (മക്കയില്‍ നിന്നും 17 കിലോമീറ്റര്‍) കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ദൈവത്തെ വാഴ്ത്തുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്...’ (ദൈവമേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്കി, നിനക്ക് പങ്കുകാരനില്ല, സ്തുതിയും അനുഗ്രഹവും അധികാരവും നിനക്കും നിന്റേതു മാത്രമാണ്. നിനക്ക് പങ്കുകാരനില്ല) എന്ന വാചകം ഉരുവിട്ട് കൊണ്ടാണ് വിശ്വാസികള്‍ അറഫയിലെത്തുന്നത്. തീർഥാടകർ സൂര്യാസ്തമയംവരെ ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും മുഴുകി അറഫയില്‍ കഴിയും. പിന്നീട് മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ രാപാർത്തശേഷം വീണ്ടും മിനായിൽ തിരിച്ചെത്തും.
തീർഥാടകർ പ്രാർഥനയിൽ മുഴുകുന്ന അറഫയിലെ നമിറ പള്ളിയിൽ ഓരോ തീർഥാടകനും രണ്ടു മീറ്റർ അകലം പാലിച്ചാണ് ഇരിപ്പിടം. പുറത്ത് തമ്പുകളിൽ സാമൂഹിക അകലം പാലിച്ചാണ് താമസ സൗകര്യവും. അറഫ പ്രസംഗത്തിനും നമസ്കാരത്തിനും സൗദിയിലെ മുതിർന്ന പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല ബിൻ സുലൈമാൻ അൽമനീഅ് നേതൃത്വം നൽകും. 10 ലോക ഭാഷകളിലേക്ക് ഇത്തവണ പ്രസംഗം വിവർത്തനം ചെയ്യും.
ജംറകളിലെറിയാനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നാണ് തീർഥാടകർ മുമ്പ് ശേഖരിച്ചിരുന്നത്. ഇത്തവണ ഹജ്ജിന് പുറപ്പെടുന്നതിനുമുമ്പുതന്നെ അധികൃതർ അണുമുക്തമാക്കി പാക്കറ്റുകളിൽ നൽകി. ജംറയിലെ കല്ലേറിനുശേഷം ബലിയറുക്കലും തലമുണ്ഡനവും ത്വവാഫ് ഇഫാദയും (വിടവാങ്ങലിന്റെ ഭാഗമായി കഅ്ബയെ വലയം ചെയ്യല്‍) പോലുള്ള കർമങ്ങൾ പൂർത്തിയാക്കും.
കഅ്ബയുടെ മൂടുപടമായ കിസ്വ മാറ്റൽ ചടങ്ങ് ബുധനാഴ്ച നടന്നു. മക്കയിലെ കിങ് അബ്ദുല്‍ അസീസ് ഫാക്ടറിയിൽ 200ഓളം തൊഴിലാളികൾ ഒൻപത് മാസം കൊണ്ടാണ് പുതിയ കിസ്വ നിർമിച്ചത്. 120 കിലോഗ്രാം സ്വർണവും 100 കിലോഗ്രാം വെള്ളിയും 670 കിലോഗ്രാം ശുദ്ധമായ പട്ടും ഉപയോഗിച്ചാണ് കിസ് വ നിർമിച്ചിരിക്കുന്നത്.
തീര്‍ഥാടകരില്‍ 70 ശതമാനം പേര് സ്വദേശികളാണ്. 30 ശതമാനം പേര് 160 രാജ്യങ്ങളില്‍ നിന്നും സൗദിയിലെത്തി തങ്ങുന്നവരാണ്. മലയാളികള്‍ ഉള്‍പ്പെട്ട 30 ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഇത്തവണത്തെ ഹജ്ജിന് അവസരം ലഭിച്ചത്. കൊവിഡ് പ്രതിരോധത്തില്‍ പങ്കുവഹിച്ച ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമാണ് ഹജ്ജില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും. പ്രവാചകന് ഇബ്രാഹിമിന്റെയും പത്നി ഹാജറ ബീവിയുടെയും മകന് ഇസ്മാഈല്‍ നബിയുടെയും ഓര്‍മകള്‍ അയവിറക്കിയാണ് വിശ്വാസികള്‍ ഹജ്ജ് കര്‍മങ്ങളില്‍ മുഴുകുന്നത്.