ജെറുസലേം: ഗസ പവർ സ്‌റ്റേഷനിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ നിർത്തി വച്ചതായി ഗസയിലേക്ക് സാധനങ്ങൾ കടത്തി വിടുന്നതിനുള്ള ഏകോപന സമിതി മേധാവി റെയ്‌ഡ് ഫത്തഹ്. വ്യോമാക്രമണം പ്രദേശത്തെ അടിസ്ഥാന സൗകര്യത്തെ ബാധിച്ചതിനിടെയാണ് ഇസ്രയേലിന്‍റെ നീക്കം.
ഗസയിലെ വൈദ്യുതി വിതരണ കമ്പനിയിലെ ഇന്ധനം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമെന്നാണ് റിപ്പോർട്ടുകൾ. പല വീടുകളിലും ഇപ്പോൾ കുറച്ചു മണിക്കൂറുകൾ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ഇന്ധനമില്ലാതായാൽ ഗാസയിലെ ഏക വൈദ്യുത നിലയം പ്രവർത്തിപ്പിക്കാൻ ബുദ്ധിമട്ട് നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിൽ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രയേൽ സേനയും ഗസയിലെ പലസ്‌തീൻ സൈനിക ഗ്രൂപ്പായ ഹമാസും തമ്മിലുള്ള ആക്രമണത്തിൽ വെടിനിർത്തലിന് പിന്തുണ നൽകി. ഒപ്പം സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പിന്തുണ നൽകി. ആക്രമണം രൂക്ഷമായതിനെ തുടർന്ന് ബൈഡനും നെതന്യാഹുവും ഒരാഴ്‌ചയ്‌ക്കിടെ മൂന്നാമത്തെ തവണയാണ് ചർച്ച നടത്തുന്നത്.
അതേ സമയം ഇസ്രയേൽ വ്യോമാക്രമണത്തിൽ പലസ്‌തീനിൽ മരിച്ചവരുടെ എണ്ണം തിങ്കളാഴ്‌ച വരെ 198 ആയതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also Read: ഗസയിൽ ഇസ്രയേല്‍ ആക്രമണം തുടരുന്നു; മരണസംഖ്യ 200 ന് അടുത്തെത്തി