കെയ്‌റോ: ഈജിപ്തിൽ കഴിഞ്ഞ ദിവസം 1,021 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രേഖപ്പെടുത്തിയ ആകെ കേസുകൾ 128,993 ആയി ഉയർന്നതായി ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 51 രോഗികൾ ഈജിപ്തിൽ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് മരണസംഖ്യ 7,260 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 513 പേർ സുഖം പ്രാപിച്ചു. കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 108,474 ആയി.
അസ്ട്രാസെനെകയുടെ 30 ദശലക്ഷം ഡോസ് വാക്സിൻ വാങ്ങുന്നതിനുള്ള കരാറിൽ ഈജിപ്ഷ്യൻ സർക്കാർ ഒപ്പുവച്ചു. ചൈനയുടെ ഉടമസ്ഥതയിലുള്ള സിനോഫാം കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍റെ ആദ്യ ബാച്ച് ഡിസംബർ 10ന് യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് ഈജിപ്റ്റിന് ലഭിച്ചിരുന്നു.