ന്യൂഡൽഹി: 2008ൽ അബുദാബിയിൽ ഒരാളെ കൊലപ്പെടുത്തിയ ഇന്ത്യൻ പൗരനെ യുഎഇ അധികൃതരുടെ അഭ്യർഥന പ്രകാരം ഇന്ത്യക്ക് കൈമാറും. ഇന്ദർജീത് സിങ് എന്ന പൗരനെയാണ് ഇന്ത്യക്ക് കൈമാറുക. കരാർ പ്രകാരം കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസ് ഏറ്റെടുത്തു. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് ഇന്ദർജിത് സിങിനെ വിചാരണ ചെയ്യുക. ഇയാൾക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
2008 ഓഗസ്റ്റ് 28 നാണ് മറ്റൊരു ഇന്ത്യൻ പൗരനായ രാമ ലെംഗാവ് നടേഷനെ സിങ് കൊലപ്പെടുത്തിയത്. 2009ൽ അബുദാബിയിലെ വിചാരണക്കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. കുറ്റം ചെയ്തതിന് ശേഷം സിങ് രാജ്യം വിട്ട് ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് 2016 മെയ് മാസത്തിൽ യുഎഇ അധികൃതർ വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിങിനെ ഇന്ത്യൻ പൊലീസ് അറസ്റ്റ് ചെയ്ത് യുഎഇക്ക് കൈമാറിയിരുന്നു.
മറ്റൊരു രാജ്യത്തെ പൗരനെ അയാളുടെ മാതൃ രാജ്യത്തിന്‍റെ നിയമ പ്രകാരമാണ് ശിക്ഷിക്കാനാവുക ഇതാണ് സിബിഐ കേസ് ഏറ്റെടുക്കാൻ കാരണം.