ബാഗ്‌ദാദ് : ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ അഞ്ച് പേർ മരിച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വീട്ടിലാണ് റോക്കറ്റ് പതിച്ചത്. കത്യുഷ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. അൽ-ജിഹാദ് ക്രിമിനൽ സംഘവും നിയമവിരുദ്ധ ഗ്രൂപ്പുകളുമാണ് റോക്കറ്റുകൾ പ്രയോഗിച്ചതെന്ന് ഇറാഖ് ജോയിൻ്റ് ഓപ്പറേഷൻ കമാൻഡിൻ്റെ മാധ്യമ ഓഫീസ് അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി മുസ്‌തഫ അൽ കാദിമി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ബാഗ്‌ദാദ് വിമാനത്താവളം, യു.എസ് സൈനികര്‍, ഗ്രീൻ സോണിലെ യു.എസ് എംബസി എന്നിവക്കാണ് സുരക്ഷാ ഭീഷണിയുള്ളത്. ഇറാഖ് സർക്കാർ ഇത്തരം ആക്രമണങ്ങൾ തടയാൻ നടപടിയെടുത്തില്ലെങ്കിൽ അമേരിക്ക ബാഗ്‌ദാദിലെ എംബസി അടച്ചുപൂട്ടുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ ഇറാഖിന് മുന്നറിയിപ്പ് നൽകിയിരുന്നു.