ബാഗ്‌ദാദ്: അമേരിക്കൻ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം. കഴിഞ്ഞ ദിവസം രണ്ട് കത്യുഷ റോക്കറ്റുകൾ സൈനിക താവളത്തിന് സമീപത്ത് പതിച്ചു. ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളെയും അമേരിക്കൻ എംബസിയെയും ലക്ഷ്യമിട്ട് മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങൾ പതിവായിരിക്കുകയാണ്.
അമേരിക്ക, ഇറാഖ് രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോൺഫറൻസ് വഴിയുള്ള തന്ത്രപരമായ ചർച്ചകൾക്ക് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം ഉണ്ടായത്. ചർച്ചയിൽ ഇറാഖിലെ യുഎസ് സേനയെ കുറയ്ക്കുമെന്ന് അമേരിക്ക ഉറപ്പ് നൽകി. ബാഗ്‌ദാദ് വിമാനത്താവളത്തിലുണ്ടായ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാഖ്-യുഎസ് ബന്ധം കൂടുതൽ വഷളായിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജനുവരി അഞ്ചിന് ഇറാഖ് പാർലമെന്‍റ് പ്രമേയം പാസാക്കുകയും രാജ്യത്ത് വിദേശ ശക്തികളുടെ സാന്നിധ്യം അവസാനിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരായ പോരാട്ടങ്ങളിൽ ഇറാഖ് സേനയെ പിന്തുണയ്ക്കുന്നതിനായി 5,000ലധികം അമേരിക്കൻ സൈനികരെ ഇറാഖിൽ വിന്യസിച്ചിട്ടുണ്ട്.