ദുബൈ: യമനിൽ ഹൂതി വിമതര്‍ മോചിപ്പിച്ച 14 ഇന്ത്യക്കാർ നാട്ടിലേയ്ക്ക് യാത്ര തിരിച്ചു. ഏദൻ ഉൾക്കടലിൽ കപ്പൽ മുങ്ങിയതിനെ തുടർന്ന് 10 മാസത്തിലേറെയായി യെമനിൽ കുടുങ്ങിയ പതിനാല് ഇന്ത്യൻ നാവികരാണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. ദുബൈ വഴി ഇവര്‍ ഇന്ന് നാട്ടിലെത്തും
2020 ഫെബ്രുവരി 14നാണ് യമനിലെ ഹൂതി വിമതര്‍ 14 നാവികരെ കസ്‌റ്റഡിയിലെടുത്തതെന്നും നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ഇവരെ മോചിപ്പിക്കാൻ സാധിച്ചതെന്നും ജിബൂട്ടിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. മോഹൻരാജ് തനിഗാചലം, വില്യം നിക്കാംഡൻ, അഹമ്മദ് അബ്‌ദുൾ ഗഫർ വകങ്കർ, ഫെയറൂസ് നസ്രുദ്ദീൻ സാരി, സന്ദീപ് ബാലു ലോഹർ, നിലേഷ് ധൻരാജ് ലോഹർ, ഹിരോൺ എസ്‌കെ, ദാവൂദ് മഹമൂദ് ജീവ്രക്, ചേതൻ ഹരി ഗവാസ്, തൻമയ് രാജേന്ദ്ര മാനെ, സഞ്ജീവ് കുമാർ, മണിരാജ് മാരിയപ്പൻ, പ്രവീൺ തമകരാന്തവിഡ, അബ്‌ദുൾ വഹാബ് മുസ്‌തബ എന്നിവരെയാണ് മോചിപ്പിച്ചത്.
ഇന്ത്യൻ നാവികർ ദുബൈയിലെത്തിയതായി ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്‌ച രാത്രി ഇന്ത്യൻ പൗരന്മാർ മുംബൈയിലേക്ക് വിമാനം കയറിയതായും ഗൾഫ് മഹാരാഷ്ട്ര ബിസിനസ് ഫോറം (ജിഎംബിഎഫ്) പ്രസിഡന്‍റ് ചന്ദ്രശേഖർ ഭാട്ടിയ അറിയിച്ചു.