കെയ്‌റോ: ഈജിപ്‌തില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 11 മരണം. 98 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ കെയ്‌റോയില്‍ നിന്ന് വടക്ക് ഡെല്‍റ്റ നഗരത്തിലാണ് ഞായറാഴ്‌ച അപകടം നടന്നത്. 60 ആംബുലന്‍സുകളിലായി പരിക്കേറ്റവരെ അടുത്തുള്ള മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കെയ്‌റോയില്‍ നിന്ന് മനസോറിയിലെ ഡെല്‍റ്റ നഗരത്തിലേക്ക് വരികയായിരുന്ന ട്രെയിനിന്‍റെ നാല് കോച്ചുകളാണ് പാളം തെറ്റിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിന്‍റെ കാരണം അറിയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രസിഡന്‍റ് അബ്‌ദുല്‍ ഫത്താഹ് അൽ സിസി പ്രത്യേക കമ്മിറ്റി രൂപികരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ലോക്കോ പൈലറ്റ്, സഹായി, എട്ട് ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അടുത്തിടെയായി ഈജിപ്‌തില്‍ ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. മാര്‍ച്ച് 26ന് സ്വഹാഗ് പ്രവിശ്യയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 20 പേര്‍ മരിക്കുകയും 199 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. റെയില്‍വെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും, മാനേജ്‌മെന്‍റ് പിഴവുമാണ് അപകടത്തിന് കാരണമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2002ല്‍ അല്‍ അയ്യത്തില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 383 പേരാണ് മരിച്ചത്. കെയ്‌റോയില്‍ നിന്ന് ലക്‌സറിലേക്ക് പോവുകയായിരുന്ന ട്രെയിനിന് തീപിടിക്കുകയായിരുന്നു. ഈജിപ്‌തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായിരുന്നു അത്.