ബാഗ്‌ദാദ്: ചൊവ്വാഴ്‌ച, ബാഗ്‌ദാദിന്‍റെ വടക്കുകിഴക്കൻ ഗ്രാമത്തിലുണ്ടായ ഭീകരാക്രണത്തില്‍ 11 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്നും (ഐ.എസ്) ആറ് പേർക്ക് പരിക്കേറ്റെന്നും ഇറാഖി സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. ദിയാല പ്രവിശ്യയിലെ വടക്കുകിഴക്കന്‍ ബകൗബയിലെ അൽ റഷാദ് ഗ്രാമത്തിലാണ് സംഭവം.
ആക്രമണത്തിന്‍റെ പ്രാഥമിക വിവരം പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. ഐ.എസ് തീവ്രവാദികൾ നേരത്തെ രണ്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ വിട്ടുനല്‍കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഗ്രാമം റെയ്‌ഡ് ചെയ്‌തു.
ALSO READ: 'എനിക്ക് ശ്വസിക്കാനാവുന്നില്ല': ഗാർണറുടെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി
ഈ റെയിഡില്‍ മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയുണ്ടായി. ഇതേതുടര്‍ന്നാണ്, മരണവും പരിക്കും സംഭവിച്ചത്. വാര്‍ത്താഏജന്‍സിയായ അസോസിയേറ്റ് പ്രസിനോടാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാഖിലെ പല മേഖലകളിലായി ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ട്. 2017-ൽ രാജ്യത്തുനിന്നും ഇസ്‌ലാമിക് സ്റ്റേറ്റിന് വന്‍ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന്, സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ കുറഞ്ഞിരുന്നു.