കീവ്: റഷ്യയുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രൈന്‍റെ വ്യോമ മേഖല നോ-ഫ്ലൈ സോണാക്കേണ്ടതില്ലെന്ന നാറ്റോയുടെ തീരുമാനത്തിനെതിരെ യുക്രൈനിയന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്‌കി. യുക്രൈനിയന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഷെല്ലാക്രമണം നടത്താൻ റഷ്യയ്ക്ക് പച്ചക്കൊടി കാട്ടുന്നതാണ് നാറ്റോയുടെ തീരുമാനമെന്ന് സെലെൻസ്‌കി ആരോപിച്ചു.
യുക്രൈനിൽ നോ-ഫ്ലൈ സോണ്‍ ഏർപ്പെടുത്തുന്നത് റഷ്യയുമായി യൂറോപ്പിൽ വ്യാപകമായ യുദ്ധത്തിന് കാരണമാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകിയിരുന്നു.
വെള്ളിയാഴ്‌ച ബ്രസൽസിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു നോ-ഫ്ലൈ സോണിനെക്കുറിച്ച് നാറ്റോ ചർച്ച ചെയ്‌തത്. നോ-ഫ്ലൈ സോൺ നീക്കത്തെക്കുറിച്ച് നാറ്റോ മീറ്റിങിൽ പരാമർശിക്കപ്പെട്ടുവെന്നും എന്നാൽ യുക്രൈനിന് മുകളിലൂടെ നാറ്റോ വിമാനങ്ങൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് സഖ്യകക്ഷികൾ സമ്മതിച്ചതായും സ്റ്റോൾട്ടൻബെർഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെലെൻസ്‌കിയുടെ പ്രതികരണം.
"ഇന്ന് ഒരു നാറ്റോ ഉച്ചകോടി നടന്നു. അത് ദുർബലമായ ഒരു ഉച്ചകോടിയായിരുന്നു, ആശയക്കുഴപ്പം നിറഞ്ഞ ഉച്ചകോടി. യൂറോപ്പിലെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ മുഖ്യലക്ഷ്യമായി എല്ലാവരും കണക്കാക്കുന്നില്ലെന്ന് കാണിക്കുന്ന ഒരു ഉച്ചകോടി" ഒരു വീഡിയോ സന്ദേശത്തിൽ സെലെൻസ്‌കി പറയുന്ന കാര്യങ്ങള്‍ റഷ്യയുടെ സ്പുട്നികാണ് പുറത്ത് വിട്ടത്.
also read: നോ-ഫ്‌ളൈ സോണ്‍ നടപ്പിലാക്കില്ല; യുക്രൈന്‍റെ ആവശ്യം നിരസിച്ച് നാറ്റോ
യുക്രൈനിന്‍റെ ആകാശം അടയ്ക്കുന്നത് നാറ്റോയ്‌ക്കെതിരായ റഷ്യയുടെ നേരിട്ടുള്ള ആക്രമണത്തിന് കാരണമാകുമെന്ന് നാറ്റോ രാജ്യങ്ങൾ ഒരു ആഖ്യാനം സൃഷ്ടിച്ചിട്ടുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു. "നമ്മളേക്കാൾ എത്രയോ മടങ്ങ് ശക്തമായ ആയുധങ്ങൾ കൈവശം വച്ചിട്ടും, ദുർബലരും, ഉള്ളില്‍ അരക്ഷിതാവസ്ഥയുള്ളവരുടേയും ആഖ്യാനം ഇതാണ്" യുക്രൈനിയന്‍ പ്രസിഡന്‍റ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.