കീവ്: യുക്രൈനിലെ സപോര്‍ഷിയ ആണവ നിലയത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ നാറ്റോയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി പ്രസിഡന്‍റ് വാളാദ്മിര്‍ സെലെൻസ്‌കി. റഷ്യൻ യുദ്ധ വിമാനങ്ങളിൽ നിന്ന് ആകാശത്തെ സംരക്ഷിക്കാൻ കീവിനെ സഹായിക്കാൻ വിസമ്മതിച്ചതിനാൽ യുക്രൈനിയക്കാരുടെ മരണത്തിന് നാറ്റോ ഉത്തരവാദിയാവുമെന്ന് സെലെൻസ്‌കി പറഞ്ഞു.
“ഇന്ന് മുതലുള്ള എല്ലാ ആളുകളും നിങ്ങൾ കാരണം മരിക്കും, നിങ്ങളുടെ ബലഹീനത കാരണം, നിങ്ങളുടെ ഐക്യമില്ലായ്മ കാരണം” രാത്രി നടത്തിയ പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു.
യുക്രൈനില്‍ നോ ഫ്ലൈ സോൺ വേണമെന്ന സെലെൻസ്‌കിയുടെ അഭ്യർഥന നേരത്തെ നാറ്റോ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്‍റ് രംഗത്തെത്തിയത്. യുക്രൈനിയന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഷെല്ലാക്രമണം നടത്താൻ റഷ്യയ്ക്ക് പച്ചക്കൊടി കാട്ടുന്നതാണ് നാറ്റോയുടെ തീരുമാനമെന്ന് സെലെൻസ്‌കി ആരോപിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം റഷ്യ പിടിച്ചെടുത്തതിന് ശേഷം ലോക രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ സെലെൻസ്‌കി രംഗത്തെത്തിയിരുന്നു.
also read: യുദ്ധത്തിനെതിരെ ആഗോള മാധ്യമ ലോകവും: റഷ്യയില്‍ സംപ്രേഷണം നിർത്തി വിവിധ വാർത്ത ചാനലുകൾ
അതേസമയം ഖാർകിവ്, ഒഡെസ, മരിയുപോൾ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ റഷ്യ ശക്തമായി ബോംബാക്രമണം തുടർന്നു. നിരവധി ആളുകൾ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം അഭയാർഥികൾ ഇതുവരെ യുക്രൈനില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്.