തന്‍റെ കാഴ്‌ചകൾ മറ്റൊരാൾക്ക് അനുഭവമായി പകരുന്ന കാമറക്കണ്ണുകൾ... മുന്നിലുള്ള നിമിഷത്തെ നിശ്ചലമാക്കി മറ്റ് കാഴ്‌ചക്കാർക്കും ഒരു ഫോട്ടോഗ്രാഫർ അത് അനുഭവമായി പകർന്നു നൽകുന്നു. ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രമെന്നത് വെറും പഴമൊഴിയല്ല... അത്രയേറെ ശക്തിയുണ്ട് ചിത്രങ്ങൾക്ക്, ആശയങ്ങൾ സംവദിക്കാൻ... ഇന്ന് ഓഗസ്റ്റ് 19, ലോക ഫോട്ടോഗ്രഫി ദിനം.
അടുത്തിടെ അന്തരിച്ച ഫോട്ടോഗ്രാഫർ പുനലൂർ രാജന്‍റെ സ്മരണയും ഈ ഫോട്ടോഗ്രഫി ദിനത്തിൽ നിറയുകയാണ്. ഓരോരുത്തരുടെയും വികാരങ്ങളും ചിന്തകളും ആശയവിനിമയം നടത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോക ഫോട്ടോഗ്രഫി ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ചർച്ചകൾ, വിനോദമായോ തൊഴിലായോ ഫോട്ടോഗ്രഫി പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനം എന്നിവയാണ് ഫോട്ടോഗ്രഫി ദിനത്തിന്‍റെ ആശയത്തിലും ഉൾക്കൊണ്ടിരിക്കുന്നത്. ഒപ്പം, കാഴ്‌ചകളെ ഫ്രെയിമുകളാക്കി കാവ്യം രചിച്ച ഫോട്ടോഗ്രാഫർമാരുടെ സമഗ്രസംഭാവനകളെയും ഈ ദിനം സ്‌മരിക്കുന്നു.
ലോക ഫോട്ടോഗ്രഫി ദിനത്തിന്‍റെ പ്രാധാന്യവും ചരിത്രവും
1837ൽ ഫ്രഞ്ചുകാരായ ലോയിസ് ഡാഗുറെ, ജോസഫ് നൈസ്ഫോർ നീപ്സ് എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത ഫോട്ടോഗ്രാഫിക് പ്രക്രിയ ഡാഗുറോടൈപ്പ് കണ്ടുപിടിച്ചതാണ് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത. റിപ്പോർട്ടുകൾ പ്രകാരം, 1839 ജനുവരി ഒമ്പതിന് ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസ് ഡാഗുറോടൈപ്പിനെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്തി. ഏകദേശം 10 ദിവസത്തിനുശേഷം, ഡാഗുറോടൈപ്പ് കണ്ടുപിടിത്തത്തിൽ ഫ്രഞ്ച് ഗവൺമെന്‍റിന് പേറ്റന്‍റ് ലഭിച്ചു. എന്നാൽ, ഫ്രഞ്ച് സർക്കാർ ഇതിനെ പകർപ്പവകാശമില്ലാത്ത, ലോകത്തിനുള്ള സൗജന്യ സമ്മാനമായി പ്രഖ്യാപനം നടത്തി.
പുനലൂർ രാജൻ
1980കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രശസ്‌ത എഴുത്തുകാരുടെ അപൂർവ നിമിഷങ്ങളെ ഹൃദയഹാരിയായ ചിത്രങ്ങളായി പകര്‍ത്തിയ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ... ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഓഗസ്റ്റ് 15ന് വിടവാങ്ങി. അദ്ദേഹത്തിന് 81 വയസായിരുന്നു. സാഹിത്യ ഇതിഹാസങ്ങൾ വൈക്കം മുഹമ്മദ് ബഷീർ, എം.ടി വാസുദേവൻ നായർ, ഉറൂബ് തുടങ്ങിയവരുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങൾ രാജന്‍റെ കാമറക്കണ്ണുകളിലെ നിശ്ചലച്ചിത്രങ്ങളായപ്പോൾ, മലയാള സാഹിത്യലോകത്തിന് അത് അവിഭാജ്യ ഘടകമായി എന്നും അവശേഷിക്കുന്നു.
തിക്കോടിയൻ, കെ.എ കൊടുങ്ങല്ലൂർ, എൻ.പി മുഹമ്മദ്, ജോൺ എബ്രഹാം എന്നിവരുൾപ്പെടെ 1980കളിൽ കോഴിക്കോട് സജീവമായിരുന്ന മിക്ക എഴുത്തുകാരുമായും സാംസ്കാരിക നേതാക്കളുമായും അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും അടുത്ത ബന്ധം രാജൻ പുലർത്തിയിരുന്നു. ഇ.എം.എസിന്‍റെയും എ.കെ.ജിയുടെയും അപൂർവ ചിത്രങ്ങളും പുനലൂർ രാജൻ ഒപ്പിയെടുത്തിട്ടുണ്ട്.
1939ൽ കൊല്ലം സ്വദേശിയായ ശ്രീധരന്‍റെയും ഈശ്വരിയുടെയും മകനായി ജനനം. പുനലൂർ ഹൈസ്കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മാവേലിക്കര രവിവർമ്മ സ്‌കൂളിൽ നിന്ന് ഫൈൻ ആർട്‌സിൽ ഡിപ്ലോമ നേടി. കുട്ടിക്കാലം മുതൽ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആരാധകനായിരുന്ന പുനലൂർ രാജൻ, കോഴിക്കോട്ടെത്തിയ ശേഷം ബഷീറിന്‍റെ സഹസഞ്ചാരിയായി കൂടി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സിനിമ നിർമിക്കാനായി രാജനെ പാർട്ടി റഷ്യയിലേക്ക് അയച്ചു. മൂന്ന് വർഷം മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോഗ്രഫിയിൽ ഛായാഗ്രഹണം അഭ്യസിച്ചു. എന്നാൽ, പഠനത്തിന് ശേഷം രാജൻ കേരളത്തിലേക്ക് മടങ്ങിയപ്പോൾ സിനിമക്കായുള്ള പദ്ധതി പാർട്ടി ഉപേക്ഷിച്ചിരുന്നു. 1963ൽ കോഴിക്കോട് മെഡിക്കൽ കോളജില്‍ 'ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി' ജോലി നേടി. 1994ൽ അദ്ദേഹം വിരമിച്ചു.
'ബഷീർ: ചായവും ഓർമയും', പ്രതിഭാശാലിയായ എഴുത്തുകാരന്‍റെ ജീവിതം ചിത്രീകരിച്ച ഫോട്ടോഗ്രാഫ് ആല്‍ബം രാജൻ പുറത്തിറക്കിയിരുന്നു. ഇ.എം.എസ് നമ്പൂരിപ്പാട്, സി. അച്യുതമേനോൻ, സി. രാജേശ്വര റാവു, എസ്.എ ഡാംഗെ, പി.കെ വാസുദേവൻ നായർ എന്നിവരുൾപ്പടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അപൂർവ നിമിഷങ്ങൾ ചിത്രീകരിക്കുന്ന നിരവധി ചിത്രങ്ങളും അദ്ദേഹം പകര്‍ത്തി. തിക്കോടിയൻ, ഉറൂബ്, കെ.എ കൊടുങ്ങല്ലൂർ വ്യക്തികളുടെ ജീവിതത്തിലെ മികച്ച നിമിഷങ്ങൾക്കായി പുനലൂർ രാജൻ തന്‍റെ കാമറക്കണ്ണുകൾ തുറന്നു. അങ്ങനെ കേരളത്തിലെ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങള്‍ക്കായി അദ്ദേഹത്തിന്‍റെ കണ്ണുകൾ ചലിക്കുകയും വിരലുകൾ കാമറയിൽ അമർത്തുകയും ചെയ്‌തപ്പോൾ ഫോട്ടോഗ്രഫിയുടെ ലോകത്തിന് ലഭിച്ചത് അമൂല്യ സംഭാവനകളായിരുന്നു.
'ബഷീർ: ചായവും ഓർമയും', 'എം.ടിയുടെ കാലം' പുസ്‌തകം പുനലൂർ രാജനാണ് എഴുതിയത്. ഇതിന് പുറമെ, മാതൃഭൂമി ദിനപത്രത്തിലും വാരികയിലും അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഭീകരതകള്‍ ഉൾക്കൊള്ളുന്ന ഫോട്ടോകള്‍ പകര്‍തിയതിന് രാജൻ സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് കരസ്ഥമാക്കി. സോവിയറ്റ് യൂണിയനിൽ താമസിക്കുന്നതിനിടെ ചരിത്രപരമായ സ്ഥലങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ഫോട്ടോ ഒപ്പിയെടുത്തുകൊണ്ട് കുറേ യാത്രകൾ. ഫ്രാൻസ്, ഫിൻലാൻഡ്, ഡെൻമാർക്ക്, പോളണ്ട്, ജർമൻ, ചെക്കോസ്ലോവാക്യ, ഹംഗറി ഇവയുൾപ്പെടെ യൂറോപ്പിന്‍റെ പല ഭാഗങ്ങളുടേയും ചിത്രങ്ങള്‍ക്കായി അദ്ദേഹത്തിന്‍റെ അഭിരുചിയും കാമറയും സമയം കണ്ടെത്തി.
അവസാന ശ്വാസം വരെ പുനലൂർ രാജൻ തന്‍റെ ഫോട്ടോകൾ അതീവ ശ്രദ്ധയോടെ, അമൂല്യമായി സൂക്ഷിച്ചുവച്ചു. അവ പുസ്തകങ്ങളാക്കി മാറ്റണമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ മുറിവുകൾ - യാത്രാവിവരണം, ബഷീർ - ഷേഡ് ആന്‍റ് മെമ്മറി, ബഷീർ 100 ചിത്രങ്ങൾ എന്നിവയും പുനലൂർ രാജന്‍റെ പുസ്‌തകരചനകളിൽ ഉൾപ്പെടുന്നു.
പുനലൂർ രാജനെ ഓഗസ്റ്റിന്‍റെ നഷ്‌ടമായി ഇനി കലാലോകത്തിൽ അടയാളപ്പെടുത്തുമ്പോഴും, അദ്ദേഹത്തിന്‍റെ കണ്ണുകളിലൂടെ ലോകം കണ്ട നിശ്ചലനിമിഷങ്ങൾക്ക് മരണമില്ല. അവ അമൂല്യമായ ഫോട്ടോഗ്രാഫുകളായി ഇവിടെ എന്നും ജീവിച്ചിരിക്കും.