വാർസ: പോളണ്ടിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുന്നതിനെതിരെ സമരം നയിച്ച വനിത പ്രവർത്തകർക്കെതിരെ ശനിയാഴ്ച ഉണ്ടായ പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം. രാജ്യവ്യാപകമായി പ്രകടനം നടത്താൻ ജനങ്ങളോട് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
30 വർഷം മുമ്പ് കമ്മ്യൂണിസം തകർന്നതിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഒക്ടോബർ 22 ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ആഴ്ചകൾ നീണ്ട പ്രതിഷേധമാണ് പോളണ്ടിൽ അരങ്ങേറുന്നത്. ബഹുജന പ്രതിഷേധത്തിനിടയിൽ, സർക്കാർ വിധി നടപ്പാക്കിയിട്ടില്ല. വനിതാ സമരത്തിന് ഇതൊരു തന്ത്രപരമായ വിജയമാണ്, പോളിഷ് നഗരങ്ങളിലും പട്ടണങ്ങളിലും നൂറുകണക്കിന് പ്രതിഷേധങ്ങളാണ് നടന്നത്. കൊവിഡ് മഹാമാരിയുടെ പേരിൽ വലിയ സമ്മേളനങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചെന്ന് ആരോപിച്ച് നിരവധി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.