ജനീവ: കൊവിഡ് -19 അണുബാധ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ അതിനെ തടയുന്നതിനുള്ള നടപടിക്രമങ്ങളിൽ ഇളവ് നൽകുന്ന പശ്ചാത്തലത്തിൽ വീണ്ടും വൈറസിനെ നേരിടേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാനാണ് ഇക്കാര്യം പറഞ്ഞത്. രോഗം യഥാർത്ഥത്തിൽ മുന്നേറുന്ന ഒരു ഘട്ടത്തിലാണ്. എന്നാൽ അതിന്‍റെ തീവ്രത കുറഞ്ഞ പ്രദേശങ്ങളിൽ ഇളവ് നൽകിയാൽ വൈറസ് അതിവേഗം പടർന്ന് പിടിപെടാനുള്ള സാധ്യത ഉണ്ട്. എപ്പോൾ വേണമെങ്കിലും രോഗം ഉയരുമെന്ന വസ്തുതയെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും മൈക്കൽ റയാൻ പറഞ്ഞു.
യൂറോപ്പിലും വടക്കേ അമേരിക്കയിലും പൊതുജനാരോഗ്യവും സാമൂഹികവുമായ നടപടികൾ, നിരീക്ഷണ നടപടികൾ, പരിശോധന, എന്നിവ തുടർന്നും നടപ്പാക്കണം. അല്ലാത്ത പക്ഷം വൈറസ് പടർന്ന് പിടിക്കാനുള്ള സാധ്യത കാണുന്നു. പല യൂറോപ്യൻ രാജ്യങ്ങളും യുഎസ് സ്റ്റേറ്റുകളും അടുത്ത ആഴ്ചകളിൽ ലോക്ക് ഡൗൺ നടപടികൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. വൈറസ് ബാധിതരെ അതിവേഗം കണ്ടെത്താൻ എല്ലാ രാജ്യങ്ങളും തയ്യാറാകേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർകോവ് പറഞ്ഞു.