ജനീവ: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ യുഎൻ ഇടപെടൽ. യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനം നിരീക്ഷിക്കാൻ മൂന്നംഗ വിദഗ്‌ധ സമിതിയെ നിയോഗിക്കും.
റഷ്യൻ ആക്രമണത്തെ എതിർക്കുന്ന പാശ്ചാത്യ രാജ്യങ്ങളും മറ്റ് രാജ്യങ്ങളും അവതരിപ്പിച്ച പ്രമേയം 32 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. അതേസമയം റഷ്യയും എറിത്രിയയും പ്രമേയത്തെ എതിർത്തപ്പോൾ ഇന്ത്യയും ചൈനയുമുൾപ്പെടെ 13 രാജ്യങ്ങൾ വിട്ടുനിന്നു.
ALSO READ: റഷ്യൻ അധിനിവേശം; 160 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു
വെള്ളിയാഴ്‌ച യുക്രൈൻ വിളിച്ചുചേർത്ത അടിയന്തര ചർച്ചയ്‌ക്കിടെയായിരുന്നു വോട്ടെടുപ്പ്. ചർച്ചയ്‌ക്കിടെ മിക്ക കൗൺസിൽ അംഗങ്ങളും റഷ്യയെ വിമർശിച്ചു. യുക്രൈന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പല രാജ്യങ്ങളും യുക്രൈൻ പതാകയുടെ നിറങ്ങളിലുള്ള ടൈകളും സ്കാർഫുകളും ജാക്കറ്റുകളും ധരിച്ചാണ് വന്നത്.
ഗാംബിയയും മലേഷ്യയും പോലുള്ള വിദൂര രാജ്യങ്ങൾ പോലും അധിനിവേശത്തിനെതിരെ പ്രതികരിച്ചു. വോട്ടെടുപ്പ് ഫലം അന്താരാഷ്ട്ര തലത്തിൽ റഷ്യയുടെ വർധിച്ചുവരുന്ന ഒറ്റപ്പെടലിനെ സാക്ഷ്യപ്പെടുത്തുന്നു. തിങ്കളാഴ്‌ച അടിയന്തര ചർച്ച വിളിച്ചുകൂട്ടാനുള്ള യുക്രൈന്‍റെ തീരുമാനത്തിൽ ചൈനയുൾപ്പെടെ അഞ്ച് രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.