വാഴ്‌സോ: റഷ്യൻ അധിനിവേശത്തെ ആകാവുന്ന വിധത്തിൽ ചെറുത്തുതോൽപ്പിക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ. യുദ്ധം വരുത്തിവയ്‌ക്കുന്ന അരക്ഷിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് സാധാരണ ജനതയെയാണ്. ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലും യുദ്ധഭീതിയിലും വീടും നാടും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് സ്വന്തം ജീവൻ മാത്രം കൈയിൽ പിടിച്ചുകൊണ്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുകയാണ് സാധാരണ ജനങ്ങൾ.
റഷ്യൻ അധിനിവേശം തുടങ്ങിയ ശേഷം യുക്രൈനിൽ നിന്നും അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നുവരുടെ എണ്ണം ഒരു ലക്ഷത്തിലധികമാണെന്ന് ഐക്യരാഷ്‌ട്ര സഭ അഭയാർഥി ഏജൻസി പറയുന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ മാരകമായ ആക്രമണങ്ങൾ റഷ്യ യുക്രൈന് നേരെ അഴിച്ചുവിടുമ്പോൾ ആക്രമണങ്ങളിൽ നിന്ന് രക്ഷപെടാൻ പലായനം ചെയ്യുന്ന ജനങ്ങളുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഏകദേശം 116,000 പേർ അന്താരാഷ്‌ട്ര അതിർത്തി കടന്നിട്ടുണ്ട്.
എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറുടെ വക്താവ് ഷാബിയ മാന്‍റൂ പറഞ്ഞു. സ്ഥിതി വഷളാകുകയാണെങ്കിൽ 4 ദശലക്ഷത്തോളം ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നേക്കാമെന്നാണ് ഏജൻസി കണക്കുകൂട്ടുന്നത്. യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും പോളണ്ട്, മോൾഡോവ, ഹംഗറി, റൊമേനിയ, സ്ലോവാക്യ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. മറ്റ് ചിലർ റഷ്യൻ സൈന്യം യുക്രൈനിലേക്ക് പ്രവേശിച്ച ബെലാറസിലേക്കാണ് പോകുന്നത്.
പോളണ്ടിലേക്കാണ് കൂടുതൽ പേരും പോകുന്നത്. 2014ലെ യുക്രൈനിലേക്കുള്ള റഷ്യയുടെ ആദ്യ നുഴഞ്ഞുകയറ്റ ശ്രമത്തിന് ശേഷം തൊഴിലവസരങ്ങൾ തേടി ഏകദേശം 2 ദശലക്ഷത്തോളം ആളുകൾ ഇതിനകം പോളണ്ടിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം യുക്രൈനിയക്കാർ പോളിഷ്-യുക്രൈൻ അതിർത്തി കടന്നതായി പോളണ്ട് സർക്കാർ ശനിയാഴ്ച രാവിലെ അറിയിച്ചു.
പോളണ്ടിലേക്ക് പ്രവേശിക്കാനായി മെഡിക അതിർത്തിയിൽ കാത്തുകിടക്കുന്ന വാഹനങ്ങളുടെ നിര യുക്രൈനിലേക്ക് 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നതായി പോളിഷ് ബ്രോഡ്കാസ്റ്റർ ടിവിഎൻ24 റിപ്പോർട്ട് ചെയ്തു.
Also Read: ആശ്വാസ തീരത്തേക്ക് യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍; കേരളത്തിലേക്കുള്ള യാത്രയും സൗജന്യം