കീവ്: യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലേക്ക് റഷ്യ മുന്നേറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലും, ശത്രുരാജ്യത്തിനുണ്ടായ നഷ്‌ടം അറിയിക്കാൻ അസാധാരണമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് യുക്രൈൻ. കൊല്ലപ്പെട്ടതും ബന്ധിയാക്കിയതുമായ റഷ്യൻ സൈനികരുടെ ചിത്രങ്ങളും വീഡിയോകളും ഒരു വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു കൊണ്ടാണ് യുക്രൈൻ തങ്ങളുടെ എതിരാളിരാളികളെ ദുര്‍ബ്ബലരാക്കാൻ ശ്രമിക്കുന്നത്. ഇതിനായി 200rf.com എന്ന വെബ്‌സൈറ്റ് ആരംഭിച്ചതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നു. യുക്രൈൻ ഡെപ്യൂട്ടി ഡിഫൻസ് മിനിസ്റ്റർ ഹന്ന മല്യാർ പങ്കുവച്ച കണക്കനുസരിച്ച്, ഫെബ്രുവരി 24 മുതൽ 26 വരെ റഷ്യയുടെ 706 ആയുധവ്യൂഹങ്ങൾ (APC), 146 ടാങ്കുകൾ, 27 വിമാനങ്ങൾ, 26 ഹെലികോപ്‌ടറുകൾ എന്നിവയാണ് നശിപ്പിക്കപ്പെട്ടത്.
ALSO READ: യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ ; വേദിയായി ബെലാറസ് വേണ്ടെന്ന് സെലന്‍സ്‌കി
യുക്രൈൻ സൈന്യം പിടികൂടിയ റഷ്യൻ സൈനികരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ബന്ധപ്പെടുന്നതിനായി പ്രതിരോധ മന്ത്രാലയം അടുത്തിടെ ഹോട്ട്‌ലൈൻ ടെലിഫോണ്‍ സംവിധാനം ഏർപ്പെടുത്തിയതായും യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്‍റൺ ഹെരാഷ്‌ചെങ്കോ അറിയിച്ചു. യുദ്ധത്തിലേർപ്പെട്ട തങ്ങളുടെ കുടുംബാംഗം ജീവിച്ചിരിപ്പുണ്ടോ, മരിച്ചിട്ടുണ്ടോ ബന്ധിയാക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ ഹോട്ട്‌ലൈൻ വഴി ബന്ധുക്കളെ അറിയിക്കുമെന്ന് ഹെരാഷ്ചെങ്കോ ചൂണ്ടിക്കാട്ടി.
അതേസമയം റഷ്യൻ സൈന്യം ഖാർകിവിലേക്ക് പ്രവേശിച്ചതിനാൽ ആക്രമണത്തിനായി യുക്രൈൻ ടർക്കിഷ് ഡ്രോണുകൾ ഉപയോഗിക്കുകയാണ്. തങ്ങളുടെ അധിനിവേശത്തിന്‍റെ പുതിയൊരു ഘട്ടം അടയാളപ്പെടുത്തുന്ന വിധത്തിൽ ഞായറാഴ്‌ചയും ആക്രമണങ്ങൾ ശക്തമാകുമ്പോൾ, റഷ്യൻ സൈന്യം യുക്രൈനിന്‍റെ തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാന തുറമുഖങ്ങളിലും സമ്മർദ്ദം ചെലുത്തുകയാണ്.