എൽവിവ്: ബെലാറുസിലേക്കും റഷ്യയിലേക്കും പൗരരെ ഒഴിപ്പിക്കാനുള്ള റഷ്യൻ നിർദേശം നിരസിച്ച് യുക്രൈന്‍. ഈ രാജ്യങ്ങളിലേക്ക് മനുഷ്യത്വ ഇടനാഴികൾ തുറക്കുന്നത് അസ്വീകാര്യമായ മാര്‍ഗമാണെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
റഷ്യൻ നിർദേശമനുസരിച്ച് കീവിൽ നിന്നും ഉള്‍പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന പൗരര്‍ക്ക് അയൽരാജ്യമായ ബെലാറുസിലെ ഗോമെലിലേക്ക് പോവുകയെന്നതാണ് ഏക പോംവഴി. കിഴക്കൻ യുക്രൈനിലെ ഖാർക്കീവിലെയും സുമിയിലെയും സാധാരണക്കാർ റഷ്യൻ നഗരമായ ബെൽഗൊറോഡിലേക്ക് പലായനം ചെയ്യേണ്ടിവരും. റഷ്യൻ ഭരണകൂടത്തിന്‍റെ പ്രധാന സഖ്യകക്ഷിയാണ് ബെലാറുസ്. അതേസമയം, തെക്കൻ തുറമുഖമായ മരിയുപോള്‍ ഉൾപ്പടെ എട്ട് മനുഷ്യത്വ ഇടനാഴികൾ യുക്രൈനിയൻ സർക്കാർ നിർദേശിക്കുന്നു.
ALSO READ: റഷ്യക്കെതിരായ യുക്രൈന്‍റെ ഹര്‍ജി : യുഎന്‍ കോടതിയില്‍ വാദം ആരംഭിച്ചു, ഹാജരാകാതെ റഷ്യന്‍ പ്രതിനിധി
ഈ പ്രദേശങ്ങളില്‍ നിലവില്‍ റഷ്യൻ ഷെല്ലാക്രമണം ഇല്ല. യുക്രൈന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും പൗരരെ യാത്ര ചെയ്യാൻ അനുവദിക്കും. ഫ്രാൻസ്, ചൈന, തുർക്കി, ഇന്ത്യ എന്നീ രാജ്യങ്ങളിലെ നേതാക്കളുടെ വിശ്വാസത്തെ ഹനിക്കുകയും ദുരുപയോഗം ചെയ്യുന്നതും റഷ്യ അവസാനിപ്പിക്കണമെന്നും യുക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു.