കീവ്: റഷ്യന്‍ അധിനിവേശം ഒരു മാസം തികയുന്ന വേളയില്‍ യുക്രൈന് പിന്തുണ നല്‍കുന്നതിനായി ലോകമെമ്പാടുമുള്ള ജനങ്ങള്‍ പൊതു വേദികളില്‍ ഒത്തുകൂടണമെന്ന് പ്രസിഡന്‍റ് വ്ളാദ്‌മിര്‍ സെലെൻസ്‌കി. റഷ്യന്‍ അധിനിവേശം ലോകത്തിലെ മുഴുവന്‍ സ്വതന്ത്ര വ്യക്തികളുടെയും ഹൃദയം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യത്തിന് ആവശ്യമായ ആയുധങ്ങൾ ഉൾപ്പെടെ, ഫലപ്രദവും അനിയന്ത്രിതവുമായ പിന്തുണ നൽകാൻ നാറ്റോ അംഗങ്ങളോട് ആവശ്യപ്പെടുമെന്നും സെലെൻസ്‌കി പറഞ്ഞു.
ബുധനാഴ്ച്ച കീവിലെ പ്രസിഡന്‍ഷ്യല്‍ ഓഫീസിന് സമീപത്ത് നിന്ന് ചിത്രീകരിച്ച് വീഡിയോയിലൂടെയാണ് സെലെൻസ്‌കി ഇക്കാര്യം പറഞ്ഞത്. ''നിങ്ങളുടെ ചുറ്റുപാടുകളിലേക്കും, തെരുവുകളിലേക്കും വരൂ, നിങ്ങള്‍ നിങ്ങളെ തന്നെ കാണുകയും കേള്‍ക്കുകയും വേണം. സ്വതന്ത്രമാണ് വിഷയം, സമാധാനമാണ് വിഷയം, യുക്രൈനാണ് വിഷയം'' രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, ഫെബ്രുവരി 24ന് റഷ്യ യൂറോപ്പിലെ ഏറ്റവും വലിയ ആക്രമണം അഴിച്ച് വിട്ടത് യുക്രൈന്‍ സര്‍ക്കാറിനെ അട്ടിമറിക്കാനാണെന്നും നാലാഴ്‌ചയായി റഷ്യന്‍ സൈന്യത്തിനെതിരെ കടുത്ത ചെറുത്ത് നില്‍പ്പാണ് യുക്രൈന്‍ നടത്തുന്നതെന്നും സെലെൻസ്‌കി പറഞ്ഞു.
15,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് നാറ്റോ: നാലാഴ്‌ചയ്‌ക്കിടെ 7000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായാണ് നാറ്റോ കണക്കാക്കുന്നത്. യുക്രേനിയൻ അധികാരികളിൽ നിന്നുള്ള വിവരങ്ങളും റഷ്യ മനപ്പൂർവമോ അല്ലാതെയോ പുറത്തുവിട്ട വിവരങ്ങളും, രഹസ്യാന്വേഷണ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള കണക്കാണിതെന്ന് മുതിർന്ന നാറ്റോ സൈനിക ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എന്നാല്‍ 500 ഓളം സൈനികർ കൊല്ലപ്പെട്ടതായും 1,600 പേർക്ക് പരിക്കേറ്റതായുമാണ് മാർച്ച് 2ന് റഷ്യ ഏറ്റവും അവസാനമായി പുറത്തുവിട്ട വിവരം.
അതേസമയം സ്വന്തം സൈനിക നഷ്ടങ്ങളെക്കുറിച്ചുള്ള കണക്ക് യുക്രൈന്‍ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഏകദേശം 1,300 യുക്രേനിയന്‍ സൈനികർ കൊല്ലപ്പെട്ടതായി ഏകദേശം രണ്ടാഴ്ച മുമ്പ് സെലെൻസ്‌കി അറിയിച്ചിരുന്നു. ആറ് റഷ്യന്‍ ജനറൽമാരെ വധിച്ചതായും യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരു ജനറലിനെ മാത്രമാണ് നഷ്‌ടമായതെന്നാണ് റഷ്യയുടെ വാദം.