ലണ്ടൻ: യൂറോപ്യൻ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്ത് പോയതായി അടയാളപ്പെടുത്തുന്ന പുതിയ 50 പൗണ്ടിന്‍റെ ബ്രക്‌സിറ്റ് നാണയം യുകെ ചാൻസലർ സാജിദ് ജാവിദ് ജനുവരി 31ന് പുറത്തിറക്കും. എല്ലാ രാജ്യങ്ങളുമായുള്ള സമാധാനം, സമൃദ്ധി, സൗഹൃദം എന്നീ വാക്കുകള്‍ ആലേഖനം ചെയ്ത നാണയമാണ് പ്രചാരത്തില്‍ വരുന്നത്. ഏകദേശം മൂന്ന് ദശലക്ഷം ബ്രെക്‌സിറ്റ് നാണയങ്ങൾ യുകെയില്‍ പ്രചരിക്കാൻ തുടങ്ങും. യഥാർഥ ബ്രെക്‌സിറ്റ് തീയതി അടയാളപ്പെടുത്തുന്ന നാണയങ്ങൾ പുറത്തിറക്കാൻ ജാവിദ് മുൻപ് ഉത്തരവിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്മാറല്‍ സമയപരിധി നീട്ടിയതോടെ ഒരു ദശലക്ഷം നാണയങ്ങൾ ഉരുക്കുകയും പുതിയ തീയതി സ്ഥിരീകരിക്കുന്നത് വരെ നടപടി മാറ്റി മാറ്റിവയ്ക്കുകയുമായിരുന്നു.
തീയതികൾ മാറ്റിയിട്ടും നാണയത്തിന്‍റെ വാചകങ്ങൾ പഴയത് പോലെ തുടർന്നു. നാണയം പുറത്തിറക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജാവിദ് ഈ ആഴ്ച തന്നെ ആദ്യ ബാച്ചില്‍ നിന്നൊരു നാണയം പ്രധാനമന്ത്രി ബോറിസ് ജോൺസന് സമർപ്പിക്കും. ബ്രക്‌സിറ്റ് അനുസ്മരണ നാണയത്തിനുള്ള ആശയം ആദ്യം അവതരിപ്പിച്ചത് മുൻ ചാൻസലർ ഫിലിപ്പ് ഹാമണ്ട് ആണ്, 10,000 എണ്ണമുള്ള ഒരു ബാച്ച് അദ്ദേഹം ആസൂത്രണം ചെയ്തു.