ലണ്ടന്‍: ബ്രിട്ടീഷ് പാർലമെന്റ് പിരിച്ചുവിടാൻ രാജ്ഞിയോട് ശുപാർശചെയ്യാൻ ബോറിസ് ജോണ്‍സൻ സർക്കാരിന്‍റെ ശ്രമം. സെപ്തംബർ മുതൽ ഒക്ടോബർ പകുതിവരെ പാര്‍ലമെന്‍റ് പിരിച്ചുവിടണമെന്ന നിർദേശമായിരിക്കും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മുന്നോട്ട് വയ്ക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാറില്ലാത്ത ബ്രെക്‌സിറ്റ് തടുക്കാനുളള എംപിമാരുടെ നീക്കം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. വളരെ ആവേശകരമായ അജണ്ടയുള്ള ഒരു പുതിയ സർക്കാരാണിതെന്ന് ബോറിസ് ജോണ്‍സന്‍ പറയുന്നു. പുതിയ നിയമനിർമാണം ആവശ്യമാണ്. പുതിയതും പ്രധാനപ്പെട്ടതുമായ ബില്ലുകൾ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. അതിനാലാണ് ഒക്ടോബർ പതിനാലിന് രാജ്ഞി പ്രസംഗിക്കുന്നത് എന്നാണ് ബോറിസ് ജോണ്‍സൻ പ്രതികരിച്ചത്.
ഇതുപ്രകാരം എല്ലാ വ്യാപാരങ്ങളും സെപ്തംബർ 11 മുതൽ രാജ്ഞിയുടെ പ്രസംഗം നടക്കുന്ന ഒക്ടോബർ വരെ നിർത്തിവെക്കേണ്ടിവരും. ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും ബ്രെക്‌സിറ്റിനെക്കുറിച്ച് സംസാരിക്കാൻ എംപിമാർക്ക് കൂടുതൽ സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാർ ഇല്ലാത്ത ബ്രെക്‌സിറ്റിനെ അനുകൂലിക്കാത്ത എംപിമാർ തങ്ങളുടെ ആശയങ്ങൾ നടപ്പാക്കാൻ പ്രധാനമന്ത്രി അനുവദിക്കില്ലെന്ന് ഭയപ്പെടുന്നുണ്ട്. അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിക്കെതിരെ നീങ്ങാനാകും ഇവർ ശ്രമിക്കുക. എന്നാൽ രാജ്ഞി പാർലമെന്‍റ് പിരിച്ചുവിടാൻ ഉത്തരവിടുകയാണെങ്കിൽ ഈ നീക്കം പരാജയപ്പെടും. ബ്രെക്‌സിറ്റ് കാലാവധി നീട്ടിവക്കണമെന്നാവശ്യപ്പെട്ട് നിയമം പാസാക്കാനാണ് പ്രധാനമന്ത്രിയെ എതിർക്കുന്ന വിഭാഗത്തിന്‍റെ ശ്രമം.