ലണ്ടൻ: രാജ്യത്തെ പൗരൻമാർക്ക് ആഴ്‌ചയിൽ രണ്ട് സൗജന്യ കൊവിഡ് പരിശോധനകൾ നടത്താനൊരുങ്ങി ഇംഗ്ലണ്ട് ഭരണകൂടം. സ്‌കൂളുകൾ, ജോലി സ്ഥലങ്ങൾ എന്നിവയ്‌ക്ക് പുറമേ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലൂടെയും എല്ലാവർക്കും പരിശോധന നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ചില വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമാണ് ഇപ്പോൾ സൗജന്യ പരിശോധന നടത്തുന്നത്. രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തുടങ്ങിയതോടെ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. കൂടാതെ വാക്‌സിനേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പത്തിലധികം ജീവനക്കാരുള്ള കമ്പനികൾക്ക് അവരുടെ തൊഴിലാളികൾക്കായി പരിശോധന നടത്താൻ അഭ്യർത്ഥിക്കാം. കൂടാതെ സ്‌കൂളുകളിലും പതിവ് പരിശോധന തുടരും.
ഇതുവരെ 31.4 മില്യണിലധികം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. രാജ്യത്ത് തിങ്കളാഴ്‌ച വരെ 4,371,393 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 127,078 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.