ഇസ്‌താംബുള്‍: തുര്‍ക്കിയില്‍ കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. യൂറോപ്പ് സന്ദര്‍ശിച്ച തുര്‍ക്കി സ്വദേശിക്കാണ് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്‌തത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് തുര്‍ക്കി പൗരന്മാരോട് ആരോഗ്യമന്ത്രി ഫാരെറ്റിൻ കൊക്ക പറഞ്ഞു. യൂറോപ്പിനെയും പടിഞ്ഞാറന്‍ ഏഷ്യയെയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് തുര്‍ക്കി. വര്‍ഷം തോറും 50 മില്ല്യണ്‍ ടൂറിസ്റ്റുകളാണ് ഇവിടേക്കെത്തുന്നത്. ഗ്രീസ്, ബള്‍ഗേറിയ, ജോര്‍ജിയ, അര്‍മേനിയ, സിറിയ, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയില്‍ ജനസംഖ്യ 80 മില്ല്യത്തിന് അടുത്താണ്.
രാജ്യത്ത് കൊവിഡ് 19 പടരാതിരിക്കാനായി വിമാനത്താവളങ്ങളിലും മറ്റും കനത്ത സുരക്ഷയായിരുന്നു തുര്‍ക്കി സ്വീകരിച്ചിരുന്നത്. വൈറസ് ബാധ സംശയിക്കുന്ന രോഗികളെ പരിശോധിക്കുന്നതിനായി ഇസ്‌താംബൂളിലെയും തലസ്ഥാനമായ അങ്കാറയിലെയും ആശുപത്രികളില്‍ സജ്ജീകരണമാരംഭിച്ചിട്ടുണ്ട്.