ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റ് സസ്പെന്‍ഡ് ചെയ്‌ത പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ തീരുമാനത്തിനെതിരെ ലണ്ടനില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. പതിനായിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിങ് സ്ട്രീറ്റിലേക്കുള്ള പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. പാർലമെന്‍റ് സമ്മേളനം വെട്ടിക്കുറച്ചതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഒക്ടോബർ 31 ന് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന തീരുമാനത്തിലുറച്ച് നില്‍ക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
സെപ്‌തംബര്‍ 10 മുതല്‍ ഒക്ടോബര്‍ 14 വരെ പാര്‍ലമെന്‍റ് സസ്‌പെന്‍റ് ചെയ്യുകയാണ് ബോറിസ് ജോണ്‍സണ്‍ ചെയ്തത്. ബ്രെക്‌സിറ്റ് കരാറിനെ എതിര്‍ക്കുന്നവര്‍ക്കുള്ള സമയം വെട്ടിക്കുറക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് നടപടി. അതേസമയം പാർലമെന്‍റിലെ ഭൂരിഭാഗം എംപിമാരും എതിര്‍ക്കുന്ന സാഹചര്യത്തിൽ കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനം ബോറിസ് ജോണ്‍സണ് എളുപ്പമാകില്ല. മാഞ്ചസ്റ്റർ, യോർക്ക്, ബെൽഫാസ്റ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ലണ്ടന് പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളായ എഡിൻബർഗ്, ബെൽഫാസ്റ്റ്, കേംബ്രിഡ്‌ജ് , എക്സ്റ്റൻഷൻ, നോട്ടിങ്ഹാം തുടങ്ങി മുപ്പതോളം നഗരങ്ങളിലേക്കും പ്രതിഷേധ പ്രകടനങ്ങൾ വ്യാപിച്ചിട്ടുണ്ട്.