എൽവിവ് : യുക്രൈനിലെ തെക്കൻ തുറമുഖ നഗരമായ മരിയുപോളിലെ ആശുപത്രിയ്‌ക്ക് നേരേ റഷ്യന്‍ സൈനിക നടപടി. ആശുപത്രി പിടിച്ചെടുക്കുകയും അഞ്ഞൂറിനടത്താളുകളെ ബന്ദികളാക്കുകയും ചെയ്‌തു. പ്രാദേശിക നേതാവ് പാവ്‌ലോ കിറിലെങ്കോ, ടെലഗ്രാം ആപ്ലിക്കേഷന്‍ വഴിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പ്രദേശത്തെ വീടുകളില്‍ താമസിച്ചിരുന്ന 400 പേരെ റീജ്യണല്‍ ഇന്‍റൻസീവ് കെയർ ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോയി. 100 നടുത്ത് ഡോക്‌ടർമാരും രോഗികളും അകത്തുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയ്‌ക്കുള്ളിലുള്ളവരെ സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുന്ന നിലയാണുള്ളത്. ആരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല.
ആശുപത്രി വിടുന്നത് അസാധ്യമാണ്. അവർ തുടരെ വെടിവയ്ക്കുന്ന സാഹചര്യമാണുള്ളത്. റഷ്യൻ സൈന്യം അയൽവീടുകളിൽ നിന്ന് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിനുനേരെ ഷെല്ലാക്രമണം നടത്തുകയുണ്ടായി. അതില്‍ ബില്‍ഡിങ്ങിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
താത്‌ക്കാലികമായി സജ്ജീകരിച്ച വാർഡുകളിൽ രോഗികളെ ചികിത്സിക്കുന്നത് തുടരുകയാണ്. യുദ്ധത്തിന്‍റെ മാനദണ്ഡങ്ങളുടെ കടുത്ത ലംഘനമാണ് ഇവിടെ നടക്കുന്നത്. മനുഷ്യരാശിക്കെതിരായ ഈ നികൃഷ്‌ട കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും പാവ്‌ലോ കിറിലെങ്കോയുടെ സന്ദേശത്തില്‍ പറയുന്നു.