കീവ്: യുക്രൈൻ തലസ്ഥാനമായ കീവിന് പുറത്തുള്ള തന്ത്രപ്രധാനമായ വിമാനത്താവളം പിടിച്ചെടുത്തതായി റഷ്യൻ സേന അറിയിച്ചു. പടിഞ്ഞാറ് നിന്നും കീവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും കീവ് നഗരത്തിന്‍റെ ഏഴ് കിലോമീറ്റർ സമീപത്ത് റഷ്യ അടുത്തതായും സേന അവകാശപ്പെടുന്നു.
യുക്രൈനെതിരെ പൂർണ തോതിലുള്ള റഷ്യൻ ആക്രമണം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ തലസ്ഥാനത്ത് പ്രതിരോധം തുടരുകയാണെന്ന് യുക്രൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശവാസികളുൾപ്പെടെ 137 പേർ ഇതുവരെ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കി അറിയിച്ചു. 'നിങ്ങളുടെ രാജ്യത്തെ (യുക്രൈനെ) ചേർത്തുപിടിക്കൂ' എന്ന് ആഹ്വാനം ചെയ്‌ത സെലെൻസ്‌കി, കനത്ത പ്രതിരോധം ഏർപ്പെടുത്താനും രാജ്യത്തെ സൈനികരോട് അഭ്യർഥിച്ചു. റഷ്യയുടെ സൈന്യം അവരുടെ അധിനിവേശവുമായി മുന്നോട്ട് പോകുമ്പോൾ യുക്രൈന്‍റെ സായുധ സേനയോട് നിരാശാജനകമായ അപേക്ഷയാണ് യുക്രൈൻ പ്രസിഡന്‍റ് നടത്തിയത്.
READ MORE:കീഴടങ്ങിയാൽ ചർച്ചയ്‌ക്ക് തയ്യാര്‍, യുക്രൈനോട് റഷ്യ
തലസ്ഥാനം ഒരു പ്രതിരോധ ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന കീവ് മേയറിന്‍റെ പ്രതികരണത്തെ തുടർന്നായിരുന്നു പ്രസിഡന്‍റിന്‍റെ അഭ്യർഥന. റഷ്യൻ സേന നഗരത്തിന്‍റെ നിയന്ത്രണം ഉടനടി പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മേയർ പ്രതികരിച്ചത്.
അതേസമയം യുഎൻ അഭയാർഥി ഏജൻസി നൽകുന്ന വിവരം അനുസരിച്ച്, ഏകദേശം 100,000ഓളം യുക്രൈൻ പൗരർ പലായനം ചെയ്യപ്പെട്ടതായും ആയിരക്കണക്കിന് ആളുകൾ തൊട്ടടുത്തുള്ള യൂറോപ്യൻ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പാശ്ചാത്യ ശക്തികൾ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ ആയിരക്കണക്കിന് റഷ്യക്കാർ യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.