മോസ്‌കോ: സർക്കാരിനെ അട്ടിമറിക്കാൻ യുക്രൈൻ സൈന്യത്തോട് ആഹ്വാനം ചെയ്‌ത് പുടിൻ. ടെലിവിഷൻ പ്രസംഗത്തിലാണ് യുക്രൈൻ സൈന്യത്തോട് നിലവിലെ നേതൃത്വത്തെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്‌തത്. നിലവിലെ ഭരണകൂടം ഭീകരരുടേതെന്നും നവനാസികളും മയക്കുമരുന്നിന് അടിമപ്പെട്ടവരുമാണ് ഭരണനേതൃത്വത്തിലെന്നും പുടിൻ യുക്രൈൻ പട്ടാളത്തോട് പറഞ്ഞു.
യുക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശം മൂന്നാം ലോക യുദ്ധമെന്ന് ലോകമെങ്ങും ഏറ്റുപറയുകയാണ്. നിരവധി ആളുകളാണ് യുക്രൈനിൽ മരിച്ചുവീഴുന്നത്. യുദ്ധം ഒഴിവാക്കാൻ ലോക നേതാക്കന്മാരും രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളിലേക്ക് കടക്കുമ്പോൾ ചർച്ചക്ക് തയാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു കഴിഞ്ഞു.
യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് റഷ്യൻ അധിനിവേശത്തിന്‍റെ രണ്ടാം ദിനത്തിൽ യുക്രൈനിൽ ഉണ്ടായത്. കീവിൽ സ്‌ഫോടനങ്ങളും വെടിവെയ്‌പ്പുമുൾപ്പെടെ നടത്തി കീവ് പിടിച്ചടക്കാൻ ശ്രമം നടത്തി. റഷ്യൻ ചാരന്മാർ നഗരത്തിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന് കീവിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പറയുന്നു.
കീവിനെ എളുപ്പത്തിൽ കീഴ്‌പ്പെടുത്താൻ സാധിക്കുന്ന വിധം നഗരത്തിന് പുറത്തുള്ള തന്ത്രപ്രധാനമായ വിമാനത്താവളം പിടിച്ചെടുത്തതായി റഷ്യൻ സൈന്യം അറിയിച്ചു. പടിഞ്ഞാറ് നിന്നും കീവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും കീവ് നഗരത്തിന്‍റെ ഏഴ് കിലോമീറ്റർ സമീപത്ത് റഷ്യ അടുത്തതായും സേന അവകാശപ്പെടുന്നു.
137 പേർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 25 പേർ സാധാരണ ജനങ്ങളാണെന്നും 100,000 ആളുകൾ വീടുവിട്ട് പോയതായും യുഎൻ ഉദ്യോഗസ്ഥർ പറയുന്നു. യുദ്ധം രൂക്ഷമാകുകയാണെങ്കിൽ 4 ദശലക്ഷം ആളുകൾക്ക് പലായനം ചെയ്യേണ്ടിവരുമെന്നും യുഎൻ അറിയിച്ചു.
കീവിൽ ബോംബുകൾ വീഴുമ്പോൾ അത് വീഴുന്നത് യുക്രൈനിൽ മാത്രമല്ല, യൂറോപ്പിലും കൂടിയാണ്. മിസൈലുകൾ ജനങ്ങളെ കൊല്ലുമ്പോൾ മരിക്കുന്നത് യൂറോപ്യന്മാരാണെന്നും സെലെൻസ്‌കി പറഞ്ഞു. പുടിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്നായ സ്വയം നിഷ്‌പക്ഷത പ്രഖ്യാപിക്കുകയും നാറ്റോയിൽ ചേരാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയും ചെയ്യുന്ന കാര്യത്തിൽ ചർച്ച നടത്താമെന്ന് സെലെൻസ്‌കി അറിയിച്ചിരുന്നു. അക്കാര്യത്തിൽ ചർച്ച നടത്താൻ പ്രതിനിധി സംഘത്തെ ബെലാറസിലേക്ക് അയക്കാൻ റഷ്യ തയാറാണെന്ന് ക്രെംലിൻ പ്രതികരിച്ചു.
Also Read: കീവ് വളഞ്ഞ് റഷ്യൻ സൈന്യം; വിമാനത്താവളം പിടിച്ചെടുത്തു